പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ചെങ്ങന്നൂർ വെൺമണി സ്വദേശിയായ ജി ജോ പി. ജയിംസിന് (26) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ സ്പെഷ്യൽ കോടതി 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. അമ്മൂമ്മയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുരമ്പാലയിലുള്ള കുടുംബ വീട്ടിൽ നിന്ന് 2016 ഒക്ടോബറിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പ്രതിയുടെ വല്യച്ഛന്റെ ചെങ്ങന്നൂർ വെൺമണിയിലുള്ള വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച് പീഡിപ്പിച്ചു. പെൺകുട്ടിയെ കാണാതായതോടെ മാതാവ് പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിയുടെ ബന്ധുക്കളും പൊതുപ്രവർത്തകരും ചേർന്ന് പെൺകുട്ടിയെ കണ്ടെത്തി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റുചെയ്തത്. പ്രിൻസിപ്പൽ പോക്സോ ജഡ്ജ് ജയകുമാർ ജോണാണ് വിധി പ്രസ്താവിച്ചത്. പ്രിൻസിപ്പൽ പോക്സോ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായി. പന്തളം സി.എെ ആയിരുന്ന ആർ. സുരേഷാണ് അന്വേഷണം നടത്തിയത്.