തിരുവല്ല: മഴക്കാലത്ത് പെരിങ്ങര ജംഗ്ഷനിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പരിഹാരമൊരുങ്ങുന്നു. പെരിങ്ങര ജംഗ്‌ഷനിൽ നിന്നുള്ള കൃഷ്ണപാദം പൊടിയാടി റോഡിലാണ് മഴപെയ്യുമ്പോൾ വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഓട നിർമ്മിക്കാത്തതിന് പുറമെ റോഡിനേക്കാൾ സമീപ പ്രദേശങ്ങൾ ഉയർന്നത് കാരണം വെള്ളം ഒഴുകിമാറാൻ മാർഗമില്ലാത്തതാണ് പ്രശ്നം. റോഡിനോട് ചേർന്ന് ഓട നിർമ്മിക്കാത്തതും വാച്ചാൽ തോടുകൾ ഇല്ലാതായതും മൂലം വെള്ളം ഇവിടെ കെട്ടിക്കിടക്കും. കാരയ്ക്കൽ - പൊടിയാടി - കൃഷ്ണപാദം റോഡിലും കാവുംഭാഗം - ചാത്തങ്കരി റോഡിലുമാണ് പല ഭാഗങ്ങളിലും വെള്ളക്കെട്ടുള്ളത്. പെരിങ്ങര ജംഗ്ഷനിൽ കൃഷ്ണപാദം റോഡിലെ വെള്ളക്കെട്ട് കാരണം ചെളിവെള്ളത്തിൽ ചവിട്ടാതെ നടന്നുപോകാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. കാവുംഭാഗം - ചാത്തങ്കരി റോഡിൽ പെരിങ്ങര ജംഗ്ഷനിൽ രണ്ടുവർഷം മുമ്പ് വെള്ളക്കെട്ട് നിലനിന്നിരുന്ന അറുപത് മീറ്ററോളം ഭാഗം ഉയർത്തി തറയോട് പാകിയിരുന്നു. ഈ സമയത്ത് റോഡിനോട് ചേർന്ന് ഓട നിർമ്മിക്കാൻ പൊതുമരാമത്ത് നീക്കം നടത്തിയതാണ്. എന്നാൽ അതിനാവശ്യമായ സ്ഥലം വിട്ടു നൽകാൻ സ്വകാര്യ വ്യക്തികൾ തയ്യാറാകാതിരുന്നതോടെ അധികൃതർ ശ്രമം ഉപേക്ഷിച്ചു. ഇതോടെയാണ് ജംഗ്ഷന്റെ തെക്ക് - വടക്ക് ഭാഗത്തെ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായത്. ജംഗ്ഷനിലെ പല കച്ചവട സ്ഥാപനങ്ങൾക്കും വെള്ളക്കെട്ട് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ചാത്തങ്കരി റോഡിൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിലും പൂത്രവട്ടത്തിൽ പടിയിലും വെള്ളക്കെട്ടുണ്ട്. 11,12 വാർഡുകളിൽ ഉണ്ടായിരുന്ന വാച്ചാൽ തോടുകൾ കൈയേറിയതും കെട്ടിയടയ്ക്കപ്പെട്ടതുമാണ് പ്രദേശത്തെ വെള്ളക്കെട്ടിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.
20 ലക്ഷത്തിന്റെ ഭരണാനുമതി
പെരിങ്ങര ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. നിരന്തരം വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളിൽ ഇന്റർലോക്ക് പാകുന്നതിനും ഡ്രെയിനേജ് നിർമ്മിക്കുന്നതിനും വേണ്ടിയാണ് പണം അനുവദിച്ചിരിക്കുന്നത്. ഓട നിർമ്മിക്കുന്നതിനായി സ്ഥലം ലഭ്യമാക്കേണ്ടി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായും എം.എൽ.എ പറഞ്ഞു.