ചെങ്ങന്നൂർ: എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ട് എൻട്രസ് പരീക്ഷയിൽ (കീം) എൻജിനീയറിങിൽ ആലപ്പുഴ ജില്ലയിൽ നിവേദ്യ വി. നായർ ഒന്നാമത്തെത്തി. സംസ്ഥാന തലത്തിൽ 41ാം റാങ്കാണ് നിവേദ്യയ്ക്ക് . കഴിഞ്ഞ മാസം പ്രഖ്യാപിച്ച ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ സംസ്ഥാന തലത്തിൽ പെൺകുട്ടികളിൽ ഒന്നാമതെത്തിയിരുന്നു. എൻജിനീയറിങ് എൻട്രൻസിൽ സംസ്ഥാന തലത്തിൽ ആദ്യ നൂറിൽ 22 പെൺകുട്ടികളാണുള്ളത്.
നിവേദ്യ തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളേജിൽ ഓപ്ഷൻ നൽകിയിരുന്നു. 16ന് ജെ.ഇ.ഇ. അഡ്വാൻസ്ഡിന്റെ ഫലം പ്രസിദ്ധീകരിക്കും. ഇതിൽ പ്രതീക്ഷയുള്ളതായി നിവേദ്യ പറഞ്ഞു. ചെന്നൈ ഐ.ഐ.ടി.യിൽ പഠിക്കുക എന്നതാണ് സ്വപ്നം. എൻട്രൻസ് പരീക്ഷകൾക്കായി ദിവസേന 10 മണിക്കൂർ പഠിച്ചിരുന്നു. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് എടുക്കാനാണ് താത്പര്യം.
കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ പ്രൊഫസറായ ചെങ്ങന്നൂർ തിരുവൻവണ്ടൂർ മഴുക്കീർ സുരഭിയിൽ ഡോ. വിനീഷ് വി. നായരുടെയും കുന്നന്താനം എൻ.എസ്.എസ്.എച്ച്.എസ്.എസ്. അദ്ധ്യാപിക സന്ധ്യാറാണിയുടെയും മകളാണ്.