ചെങ്ങന്നൂർ: ഗ്രാമീണ റോഡുകളിൽ കാടുകയറി. വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല. പുലിയൂർ ഗ്രാമപഞ്ചായത്തിലെ ഉൾഗ്രാമങ്ങളിലൂടെയുള്ള രാത്രികാല യാത്ര ഭീതിജനകമായി. കഴിഞ്ഞ 6 മാസത്തലേറെയായി കേടായ വഴിവിളക്കുകൾ മാറ്റിയിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുമ്പ് റോഡുകളിലെ കാടുകൾ വെട്ടിത്തെളിച്ചിരുന്നു. എന്നാൽ ഈ ജോലികൾ നിറുത്തിയതും തുടർച്ചയായ മഴയും റോഡുകളിലേക്ക് കാട് വളർന്നിറങ്ങുന്നതിന് കാരണമായി. ഈ കാടുകളിലേക്ക് കോഴി മാലിന്യം ഉൾപ്പെടെതള്ളുന്നത് മൂലം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
ജില്ലയിലെ മിക്ക ഗ്രാമ പഞ്ചായത്തുകളിലും വഴി വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് പ്രത്യേക സംവിധാനമാണ് ഉള്ളത്. വഴിവിളക്കുകളുടെ കേടുപാടുകൾ പരിഹരിക്കാൻ പഞ്ചായത്താണ് അംഗീകൃത ആളുകളെ നിയമിക്കുന്നത്. ഇവർ ജനപ്രതിനിധികളുമായി സഹകരിച്ചാണ് വഴിവിളക്കുകളുടെ കേടുപാടുകൾ പരിഹരിക്കുന്നത്. എന്നാൽ ഇത്തരം സംവിധാനങ്ങൾ പുലിയൂരിലില്ല,.വാഹനയാത്രക്കാരും കാൽനടയാത്രക്കാരുമുൾപ്പെടെ നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന മാവേലിക്കര -ചെങ്ങന്നൂർ റോഡിൽ ഗ്രാമ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പേരശേരി മുതൽ കുളിക്കാംപാലം വരെയുള്ള മൂന്നു കലോമീറ്റർ ഭാഗവും ഇരുട്ടിലാണ്. ഈ റോഡിലും ഇടറോഡിലും കാടുപിടിച്ചു കിടക്കുന്ന ഭാഗങ്ങളിൽ കോഴി മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നത് തെരുവ് നായ്ക്കളും പാമ്പുകളും പെരുകുന്നതിന് കാരണമായിട്ടുണ്ട്.
ചെമ്പോലി മല, പഴയാറ്റിൽ അമ്പലത്തിന് പടിഞ്ഞാറ് ഭാഗം, പാലച്ചുവട് എന്നിവിടങ്ങളിൽ ജനം പരാതി പറഞ്ഞിട്ടും വഴിവിളക്ക് പ്രകാശിപ്പിക്കാൻ അധികൃതർ മടിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
. പുലിയൂർ പഞ്ചായത്ത് ഭരണ സമിതി പരാജയമാണെന്നും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ബി ജെ പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രമേശ് പേരശേരിആരോപിച്ചു.