പന്തളം : പന്തളം നഗരസഭയിൽ സെക്രട്ടറി എസ്. ജയകുമാർ സൂപ്രണ്ട് രേഖയ്ക്കു ചുമതല കൈമാറി. കട്ടപ്പന നഗരസഭാ സെക്രട്ടറിയായി സ്ഥലം മാറിപ്പോകുന്നതിനു മുന്നോടിയായാണ് സൂപ്രണ്ടിനു ചുമതല കൈമാറിയത്.നഗരസഭാ ഭരണ സമിതിയുമായി തർക്കം നിലനിൽക്കുകുന്നതിനാൽ പൊലീസിന്റെ അകമ്പടിയോടെയാണ് രാവിലെ ജയകുമാർ നഗരസഭാ കാര്യാലയത്തിലെത്തിയത്. സംരക്ഷണം ഒരുക്കുന്നതിനായി ചില കൗൺസിലർമാരും രാവിലെ തന്നെ നഗരസഭയിൽ എത്തിയിരുന്നു. ഓഫീസിലെത്തി സൂപ്രണ്ടിനു ചുമതല കൈമാറാനുള്ള സെക്രട്ടറിയുടെ നീക്കത്തെ
നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷിന്റെ നേതൃത്വത്തിൽ ഭരണപക്ഷ കൗൺസിലർമാർ ആദ്യം എതിർത്തു. സൂപ്രണ്ട് മെഡിക്കൽ ലീവിലായതിനാൽ നഗരസഭാ ഡയറക്ടറുടെ ഉത്തരവനുസരിച്ച് എ.ഇയ്ക്ക് ചുമതല കൈമാറണമെന്നാണ് നഗരസഭാദ്ധ്യക്ഷയും കൂട്ടരും ആവശ്യപ്പെട്ടത്. എന്നാൽ ജയകുമാർ ഇതിനു വഴങ്ങിയില്ല. ലസിതാ നായരുടെ നേതൃത്വത്തിൽ സി.പി.എം കൗൺസിലർമാരും സെക്രട്ടറിയെ അനുകൂലിച്ചു. ഇതു ചെറിയ വാക്കു തർക്കത്തിലാണ് കലാശിച്ചത്. പന്തളം എസ്.എച്ച്.ഒ. എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. നഗരസഭാദ്ധ്യക്ഷയുടെ ആവശ്യം നിരാകരിച്ച സെക്രട്ടറി അവധിയിലുള്ള സൂപ്രണ്ടിനെ വിളിച്ചു വരുത്തി ചുമതല ഏല്പിച്ചു കൊടുത്തതിനു ശേഷം കട്ടപ്പനയിലേക്കു പോയി.
ഭരണകക്ഷിയായ ബി.ജെ.പി പന്തളം നഗരസഭയിൽ മാർച്ച് 31നു മുമ്പായി ബഡ്ജറ്റ് അവതരിപ്പിക്കാതിരുന്നതിനാൽ ഭരണ സമിതി നിയമവിരുദ്ധമാണെന്നും അതിനാൽ പിരിച്ചു വിടണമെന്നും കഴിഞ്ഞ മാസം 9ന് സെക്രട്ടറി സർക്കാരിനു ശുപാർശ നൽകിയിരുന്നു. തുടർന്ന് അവധിയിൽ പ്രവേശിച്ച അദ്ദേഹം തന്നെ പന്തളം നഗരസഭയിൽ നിന്നു സ്ഥലം മാറ്റണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒപ്പം തന്നെ സെക്രട്ടറിയെ മാറ്റണമെന്നു ഭരണപക്ഷവും സർക്കാരിൽ കത്തു നൽകിയിരുന്നു.
സെക്രട്ടറിയെ ഇവിടെ നിന്ന് സ്ഥലം മാറ്റിയെങ്കിലും പന്തളത്തേക്കു പുതിയ സെക്രട്ടറിയെ നിയമിച്ചിട്ടില്ല. നഗരസഭാ ഭരണ സമിതി പിരിച്ചുവിടണമെന്ന സെക്രട്ടറിയുടെ ശുപാർശയിൽ സർക്കാർ തീരുമാനമെടുത്തില്ല.