തിരുവല്ല : ടി.കെ റോഡിലെ തോട്ടഭാഗത്ത് നിയന്ത്രണം വിട്ടെത്തിയ കാർ മൂന്ന് ഇരുചക്ര വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. തോട്ടഭാഗം ജംഗ്‌ഷന് സമീപം ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു അപകടം. പത്തനംതിട്ട ഭാഗത്ത് നിന്ന് എത്തിയ മലയാലപ്പുഴ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടം വിതച്ചത്. മൂന്നാമത്തെ ഇരു ചക്ര വാഹനവുമായി കൂട്ടിയിടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഈ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കവിയൂർ ആഞ്ഞിലിത്താനം പുതുവേലിൽ പി.പി പ്രവീൺ ( 44 ), ആഞ്ഞിലിത്താനം പുത്തൻപുരയ്ക്കൽ പാറയ്ക്കൽ റെജി പുന്നൂന്ന് (33) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് രാത്രി എട്ടരയോടെ പ്രവീണിനെ വണ്ടാനം മെഡിക്കൽ കോളേജിലേക്കും റെജിയെ കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. മറ്റ് മൂന്ന് പേരുടെ പരിക്ക് നിസാരമാണ്. തിരുവല്ല പൊലീസ് കേസെടുത്തു.