റാന്നി : വെച്ചൂച്ചിറയിൽ ഇടവിള കൃഷി നടീൽ ഉത്സവത്തോടെ കാർഷിക പദ്ധതിക്ക് തുടക്കമായി. വെച്ചൂച്ചിറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇടവിള കൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. തൈകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതീഷ് പണിക്കർ, കെ എം. മാത്യു പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ അലക്സ് അംഗങ്ങളായ എസ്. രമാദേവി, പൊന്നമ്മ ചാക്കോ, കെ.എസ്.രാജൻ, സിറിയക് തോമസ്, ജോയി ജോസഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻ ജോർജ്, ടി.കെ സാജു, ആർ.വരദരാജൻ, എം.ജി. പ്രസന്നൻ, അംബി പള്ളിക്കൽ, ബിനു തെള്ളിയിൽ, എന്നിവർ പ്രസംഗിച്ചു. വെച്ചൂച്ചിറ പഞ്ചായത്തിലെ 450 ഏക്കർ റബർ തോട്ടങ്ങളിലാണ് പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. ഇതിനായി 45000 കൊക്കോ, കാപ്പി തൈകൾ നട്ടു വളർത്തും. 80000 തൊഴിൽ ദിനങ്ങൾ ഇതിലൂടെ ഉറപ്പു വരുത്താൻ കഴിയും. തോട്ടങ്ങൾ കാട് തെളിച്ചു കുഴികൾ എടുത്തു തൈകൾ നടുന്നതിനൊപ്പം ഒരു വർഷത്തെ തുടർ പരിചരണവും നടത്തും. 25തൈകൾ വീതമുള്ള ഓരോ യൂണിറ്റായി കണക്കാക്കിയാണ് ഇടവിള കൃഷി നടപ്പാക്കുന്നത്. പഞ്ചായത്ത് 10ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയും പദ്ധതി വിഹിതമായി അനുവദിച്ചിട്ടുണ്ട്. ഭാവിയിൽ ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന കാപ്പി, കൊക്കോ എന്നിവയിൽ നിന്നും പഞ്ചായത്തിന്റെ സ്വന്തം ബ്രാൻഡിൽ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത് വഴി തൊഴിൽ അവസരങ്ങളും കർഷകർക്ക് അധിക വരുമാനവും സൃഷ്ടിക്കുവാൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ് പറഞ്ഞു.