ksrtc

പത്തനംതിട്ട : ശബരിമല മണ്ഡലകാലം തുടങ്ങാൻ ഇനി 37 നാൾ. തീർത്ഥാടകർക്കുള്ള സൗകര്യങ്ങളുമായി ജില്ലാ ആസ്ഥാനം ഒരുങ്ങേണ്ടതുണ്ട്. മണ്ഡലകാലത്തിന്റെ തലേ ദിവസം പോലും ഇവ പൂർത്തിയാകാത്ത സ്ഥിതിയായിരുന്നു മുൻ കൊല്ലങ്ങളിൽ . ഇത്തവണയും ഇതുവരെ ഇതേക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. .

കെ.എസ്.ആർ.ടി.സി

കെ.എസ്.ആർ.ടി.സി ബസിലാണ് തീർത്ഥാടകരിൽ കൂടുതലും ശബരിമലയിലെത്തുന്നത്. പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഇപ്പോൾ സ്വകാര്യ ബസ് സ്റ്റാൻഡിലാണ് പ്രവർത്തിക്കുന്നത്. തകർന്നുകിടക്കുന്ന ഇവിടെയുള്ള കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് ചെളിക്കുളമായി. മണ്ഡലകാലത്തിന് മുമ്പ് മക്കിട്ട് കുഴി നികത്തുകയാണ് പതിവ്. പക്ഷേ ദിവസങ്ങൾക്കുള്ളിൽ പഴയനിലയിലാകും. ഇത്തവണ ഇതുവരെ പണി തുടങ്ങിയിട്ടില്ല. സമീപമുള്ള കെട്ടിടത്തിലെ ഇരിപ്പിടവും മേൽക്കൂരയും നശിച്ചുകിടക്കുകയാണ്.

ഇടത്താവളം

പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ വിരിവയ്ക്കാനുള്ള കെട്ടിടത്തിൽ ഷീറ്റിടാനായി കമ്പികൾ സ്ഥാപിച്ചെങ്കിലും പണി ആരംഭിച്ചിട്ടില്ല. നഗരസഭയുടെ അധീനതയിലുള്ള കെട്ടിടമാണിത്. കഴിഞ്ഞ ഭരണസമിതിയുടെ അവസാനം ഡോർമെറ്ററിയും ശുചിമുറിയും നിർമ്മിച്ചിരുന്നു. ഇവയുടെ ബാക്കി പണികൾ ആരംഭിച്ചിട്ടില്ല. ഇവിടെ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. ഇതിനുചുറ്റും കാട് വളർന്നുനിൽക്കുന്നുണ്ട്. കവാടം കടന്നു ചെല്ലുമ്പോൾ ഇടത്താവളത്തിന് മുമ്പിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട് .

ജനറൽ ആശുപത്രി

ശബരിമല തീർത്ഥാടകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആശുപത്രിയാണ് പത്തനംതിട്ട ജനറൽ ആശുപത്രി. ഇവിടെ മണ്ഡലകാലത്ത് ശബരിമല വാർഡ് ക്രമീകരിക്കാറുണ്ട്. ഇത്തവണ കോന്നി മെഡിക്കൽ കോളേജും ഉപയോഗപ്പെടുത്തും.ജനറൽ ആശുപത്രിയുടെ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലാണ് ശബരിമല വാർഡ്.നിലവിൽ ഈ ബ്ലോക്കിന്റെ മുമ്പിലാണ് ഒ.പിയിൽ ഡോക്ടറെ കാണാനെത്തുന്നവർ കാത്തിരിക്കുന്നത്. മണ്ഡലകാലം ആരംഭിച്ചാൽ ഇതിൽ ക്രമീകരണം ഏർപ്പെടുത്തേണ്ടി വരും പത്തനംതിട്ട ജനറൽ ആശുപത്രി കൊവിഡ് ആശുപത്രി കൂടി ആയതിനാൽ സൗകര്യങ്ങൾ കുറച്ചുകൂടി വിപുലപ്പെടുത്തേണ്ടി വരും. .

സൂചനാ ബോർഡുകൾ

ശബരിമല പാതയിൽ യാത്രക്കാർക്കായി നിശ്ചിത ദൂരത്ത് ഇടയ്ക്കിടെയുള്ള സൂചനാബോർഡുകൾ തുരുമ്പെടുത്ത് നശിച്ചു. പലതിലും കാടുകയറി. അക്ഷരങ്ങൾ മാഞ്ഞു. ഇവ വൃത്തിയാക്കാൻ നേരത്തെ പ ണി തുടങ്ങേണ്ടതുണ്ട്.

റോഡ്

തീർത്ഥാടകരുടെ പ്രധാന പാതയായ പുനലൂർ - മൂവാറ്റുപുഴ റോഡിൽ പണി നടക്കുന്നത് ദുരിതമാകും. പുനലൂർ മുതൽ കോന്നി വരെയുള്ള പാതയുടെ പണി ഇതുവരെ പകുതിപോലുമായിട്ടില്ല.