പത്തനംതിട്ട : കളക്ടറേറ്റ് കവാടത്തിനോട് ചേർന്ന മതിലിൽ കാടു വളർന്ന് റോഡിലേക്കിറങ്ങി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സേവനവാരവും വാരാചാരണവും സംഘടിപ്പിച്ചിട്ടും കളക്ടറേറ്റിന് മുമ്പിലെ കാട് നീക്കാൻ അധികാരികളോ മറ്റ് സംഘടനകളോ ശ്രദ്ധിച്ചിട്ടില്ല. ഇതിന് സമീപം പൊലീസ് ബാരിക്കേഡും വെച്ചിട്ടുണ്ട്. കാടും ബാരിക്കേഡും കാരണം കാൽനടയാത്രക്കാർക്ക് ഇതുവഴി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. മുമ്പും നിരവധി പരാതികൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. കളക്ടറേറ്റ് മതിലിൽ വരച്ച ചിത്രങ്ങൾ പോലും കാണാൻ പറ്റാത്ത രീതിയിലാണ് കാട് വളർന്ന് നിൽക്കുന്നത്. നിരവധി ധർണകളും സമരപരിപാടികളും നടക്കുന്നത് ഈ മതിലിന് മുമ്പിലാണ്. ഇഴജന്തുക്കളുടെ ശല്യവും ഇവിടെയുണ്ട്.
തൂണും ഇളകി ലൈറ്റും പോയി
കളക്ടറേറ്റിന് മുമ്പിലെ തൂണിന്റെ മദ്ധ്യഭാഗം ഇളകി തുടങ്ങി. കവാടത്തിന് മുകളിലെ ലൈറ്റും തകർന്ന നിലയിലാണ്. മുൻ കവാടം പൊളിച്ച് നീക്കി നാളുകൾ കഴിഞ്ഞാണ് പുതിയ കവാടം സ്ഥാപിച്ചത്. ഇത് സ്ഥാപിച്ചിട്ടും അധിക നാളായിട്ടില്ല.