സ്ഥലം ഏറ്റെടുക്കൽ അന്തിമ ഘട്ടത്തിൽ
പന്തളം: കാത്തിരിപ്പിനൊടുവിൽ അച്ചൻകോവിലാറിനു കുറുകെയുള്ള വയറപ്പുഴ പാലം യാഥാർത്ഥ്യത്തിലേക്ക് .
പാലത്തിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിലാണ്.
മൂന്നു തവണയാണ് പാലത്തിന്റെ തൂണുകൾ വരുന്ന ഭാഗത്ത് ഉറപ്പുണ്ടോയെന്ന് പരിശോധന നടത്തിയത്. പ്രളയത്തിനു മുമ്പ് മണ്ണുപരിശോധന നടത്തിയതിനാലാണ് വീണ്ടും പരിശോധന നടത്തേണ്ടിവന്നത് . മണ്ണ് പരിശോധനയ്ക്കുശേഷം പാലത്തിനും റോഡിനും വേണ്ട സ്ഥലം അളന്നുതിട്ടപ്പെടുത്തി. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച പാലത്തിന് ഇനിയുള്ള കടമ്പ ടെൻഡർ നടപടിയാണ്.
പന്തളം വലിയപാലം കഴിഞ്ഞാൽ മുകളിൽ അമ്പലക്കടവിലും താഴെ ആലപ്പുഴ ജില്ലയിൽ പുലക്കടവിലുമാണ് ഇപ്പോൾ പാലമുള്ളത്. മുളമ്പുഴ കരയിലെ വയറപ്പുഴ കടവും ഞെട്ടൂർ വയറപ്പുഴ കടവും തമ്മിൽ ബന്ധിപ്പിച്ച് ഇപ്പോൾ കടത്തുവള്ളമുള്ള ഭാഗത്ത് പാലം പണിയുവാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
കെ.സി.രാജഗോപാലൻ എം.എൽ.എ. ആയിരിക്കുമ്പോഴാണ് പാലത്തിനുവേണ്ടി ആദ്യശ്രമം തുടങ്ങുന്നത്. അന്ന് ഇരുകരകളിലും നദിയിലും മണ്ണുപരിശോധന ആദ്യംനടത്തുകയും ആറ്റുതീരം മുതൽ ആലുനിൽക്കുന്നതിൽമണ്ണുവരെ സ്ഥലം എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തുകയും ചെയ്തെങ്കിലും തുടർ നടപടി ഉണ്ടായില്ല. പിന്നീട് വീണാജോർജ് എം.എൽ.എയുടെ ശ്രമഫലമായാണ് പദ്ധതിക്ക് ജീവൻവച്ചത്.
സമ്മത പത്രംനൽകി
ഏറ്റവും കൂടുതൽ വസ്തു നഷ്ടപ്പെടുന്ന കുളനട ഞെട്ടൂർ കരയിലെ വാഴുവേലിൽ മഠത്തിൽ വി. എസ്. മോഹൻ , പന്തളം മുളമ്പുഴ കരയിൽ ഉഷസിൽ ആർ. ചന്ദ്രൻപിളള, ഉഷാകുമാരി എന്നിവർ സ്ഥലം വിട്ടു കൊടുക്കുന്നതിനുള്ള സമ്മതപത്രം പത്തനംതിട്ട പാലം വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സി.ബി. സുഭാഷ് കുമാറിന് കൈമാറി.
കുളനട ഗ്രാമപഞ്ചായത്തിലെ 16ാം വാർഡ് മെമ്പർ ഗീതാദേവി, അസിസ്റ്റന്റ് എൻജിനീയർ ജോർജ്, ഓവർസീയർ മിനി, അജാസ് , താലൂക്ക് സർവേ ഓഫിസിൽനിന്നുള്ള മാളു, ശുഭശ്രീ, അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി.അംഗം വിനോദ് മുളമ്പുഴ, സി.പി.എം മുളമ്പുഴ ബ്രാഞ്ച് സെക്രട്ടറി ഉണ്ണികൃഷ്ണൻ. എൻ., മഹാദേവ ഹിന്ദുസേവാ സമിതി സെക്രട്ടറി ഗോപിനാഥൻ, ജോൺസൺ കടകമ്പള്ളിൽ, എൻ.എസ്.എസ്. കരയോഗം ഭാരവാഹികളായ അജയകുമാർ വാളാക്കോട്ട്, പി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
പന്തളം നഗരസഭയെയും കുളനട പഞ്ചായത്തിനെയും
ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പാലം
9.35 കോടിയുടെ ഭരണാനുമതി
( നേരത്തെ അനുവദിച്ച രണ്ടുകോടിയിൽ നിന്ന് തുക എട്ടരക്കോടിയിലേക്കും പിന്നീട് 9.35 കോടിയിലേക്കും എത്തുകയായിരുന്നു. )
പ്രയോജനം
പന്തളം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ അടൂർ- ചെങ്ങന്നൂർ റോഡിലെത്താൻ പുതിയ പാത ലഭിക്കും. മാവേലിക്കര ഭാഗത്തുനിന്ന് ചെങ്ങന്നൂർ, കോട്ടയം ഭാഗത്തേക്ക് പോകാനുള്ളവർക്ക് പന്തളം ജംഗ്ഷൻ ചുറ്റാതെ കുളനടയിലെത്തി എം.സി. റോഡിലേക്ക് പ്രവേശിക്കാം