അടൂർ : സി.ഐ.ടി.യു യൂണിയൻ വിട്ട് എ.ഐ.ടി.യു.സിയിൽ ചേർന്നവർക്ക് തൊഴിൽ നിഷേധിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സി. പി. എം , സി. പി. ഐ പ്രവർത്തകർ തമ്മിൽ സംഘട്ടനം. പൊലീസ് ലാത്തിവീശി ഇവരെ വിരട്ടിയോടിച്ചു. അടൂർ ഹൈസ്കൂൾ ജംഗ്ഷനിലുണ്ടായ സംഘർഷത്തെ തുടർന്ന് എം. സി റോഡും കെ. പി റോഡും സംഗമിക്കുന്ന ഹൈസ്കൂൾ ജംഗ്ഷനിൽ രണ്ട് മണിക്കൂറിലേറെ ഗതാഗതം താറുമാറായി. വ്യാഴാഴ്ചയും ഇതേച്ചൊല്ലി സംഘർഷം നടന്നിരുന്നു. 7 പേർക്ക് പരിക്കേറ്റു. സി. ഐ. ടി. യു വിലെ 2 പേരെ നോക്കുകൂലി വാങ്ങിയതിന് സംഘടന പുറത്താക്കിയിരുന്നതായി ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ഏരിയാ സെക്രട്ടറി പി. ഉദയഭാനു പറഞ്ഞു. ഹൈസ്കൂൾ ജംഗ്ഷനിലെ പൂൾ 20 സി. ഐ. ടി. യു. യൂണിയനിൽപ്പെട്ട ഹെഡ് ലോഡ് ആൻഡ് ജനൽ വർക്കേഴ്സ് യൂണിയനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിലെ ഒൻപത് പേരിൽ രണ്ടുപേർ സമീപത്തുള്ള ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ നിന്ന് ആറായിരം രൂപവീതം വർഷംതോറും നോക്കുകൂലി വാങ്ങുന്നു എന്ന പരാതിയെ തുടർന്നാണ് പുറത്താക്കിയത്. ഇതിൽ ഒരാൾക്ക് ബന്ധമില്ലെന്ന് കണ്ട് തിരിച്ചെടുക്കുകയും ചെയ്തു. നോക്കുകൂലി വാങ്ങിയതായി ആരോപിക്കപ്പെടുന്ന ജോർജ് എന്ന തൊഴിലാളി എ.ഐ. ടി. യു.സി.യൂണിയനിൽ ചേർന്നു. ഇതേ പൂളിൽ ഇവരെ തൊഴിൽ ചെയ്യാൻ അനുവദിക്കില്ല എന്ന നിലപാടിനെ ചോദ്യം ചെയ്ത് സി. പി. ഐ നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തിയതോടെയാണ് തർക്കമുണ്ടായത്. സി. പി. എം , സി. പി. ഐ പ്രവർത്തകർ സംഘടിച്ചതോടെയാണ് സംഘർഷമുണ്ടായത്. അടൂർ ഡി. വൈ. എസ്. പി ആർ. ബിനുവിന്റെ നേതൃത്വത്വത്തിൽ അടൂർ പൊലീസിന് പുറമേ ഏനാത്ത്, പന്തളം, കൊടുമൺ എന്നിവടങ്ങളിൽ നിന്നും പൊലീസ് എത്തിയാണ് ഇവരെ വിരട്ടിയോടിച്ചത്.