rahul
രാഹുൽ എ. രാജ്

പത്തനംതിട്ട : ഐ.എ.എസ് മോഹത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് രാഹുൽ എ. രാജ് എന്ന മുക്കൂട്ടുതറ സ്വദേശി കെ.എ.എസിൽ എത്തുന്നത്. ഒന്നു ശ്രമിക്കാമെന്ന് കരുതി തുടങ്ങി ആദ്യ തവണ തന്നെ ഇരുപത്തൊന്നാം റാങ്കിലെത്തി രാഹുൽ . കെ.എ.എസ് പരീക്ഷ സ്ട്രീം 2 വിൽ ഇരുപത്തൊന്നാം റാങ്ക് നേടിയാണ് വിജയിച്ചത്.

പ്ലാന്റേഷൻ കോർപ്പറേഷൻ ടാപ്പിംഗ് തൊഴിലാളിയായി വിരമിച്ച എ.കെ രാജുവിന്റെയും വീട്ടമ്മയായ സന്താനവല്ലിയുടെയും മകനാണ്. സഹോദരി രേഖ അറയാഞ്ഞിലിമൺ ഗവ. എൽ.പി സ്കൂൾ അദ്ധ്യാപികയാണ്.

മൂന്ന് വർഷമായി സിവിൽ സർവീസ് പരീശീലനത്തിലാണ് രാഹുൽ. ബി.ടെക്കിന് ശേഷം എം.ബി.എ ചെയ്ത രാഹുൽ കഴിഞ്ഞ മൂന്ന് വർഷമായി ഇലന്തൂർ ഗവ. നഴ്സിംഗ് സ്കൂളിൽ നൈറ്റ് വാച്ചറാണ്. 2018 ലാണ് ജോലിയിൽ പ്രവേശിച്ചത്. പകലും രാത്രിയിലും പഠിക്കാൻ സമയം ലഭിച്ചിരുന്നു.

എം.ബി.എ യ്ക്ക് പഠിക്കുമ്പോൾ എച്ച്.ഒ.ഡി ആയിരുന്ന ഏബ്രഹാം ഈപ്പനാണ് വഴികാട്ടിയെന്ന് രാഹുൽ പറയുന്നു. ഇരുപത്തെട്ടുകാരനായ രാഹുലിന് സിവിൽ സർവീസിനായുള്ള ശ്രമം തുടരാനാണ് താൽപര്യം.