dcc-pta

പത്തനംതിട്ട: ഇന്ത്യയുടെ അന്നദാതാക്കളായ കർഷകർ നടത്തുന്ന സമരത്തെ ചോരയിൽ മുക്കിക്കൊല്ലുന്നതിന് ഭരണ നേതൃത്വം നടത്തുന്ന ശ്രമങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് യു.പിയിലെ ലഖിംപൂരിലെ കർഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവമെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു. ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളെ സന്ദർശിക്കുവാൻ എത്തിയ എ.ഐ.സി. സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റുചെയ്ത് തടങ്കലിൽ പാർപ്പിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഒാഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ജനാധിപത്യവും പൗരവാകാശങ്ങളും ധ്വംസിച്ച് കർഷക സമരങ്ങളെ അടിച്ചമർത്തി ഭരിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ഏകാധിപത്യ ഭരണകൂടങ്ങൾ ചരിത്രത്തിന്റെ ചവറ്രുകുട്ടയിൽ എറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. ശിവദാസൻ നായർ, പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ്, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, ജോൺസൺ വിളവിനാൽ എന്നിവർ പ്രസംഗിച്ചു.