ചെങ്ങന്നൂർ: വന്യജീവി വാരാചരണത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, ചേർത്തല എസ്. എൻ. കോളേജ്, നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജ്, ചേർത്തല സെന്റ്. മൈക്കിൾസ് കോളേജ് എന്നീ സ്ഥാപനങ്ങളിലെ ബേർഡ്‌സ് ക്ലബ്​ ഇന്റർനാഷണൽ (ബി.സി.ഐ.) യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വെബിനാർ നടത്തി. സിനിമാ സംവിധായകനും ബി.സി.ഐ. സ്ഥാപകനുമായ ജയരാജ്​ ഉദ്ഘാടനം ചെയ്തു. കാട്,​ പുഴ, മഴ, വെയിൽ, നിലാവ് എന്നിങ്ങനെ എല്ലാ രൂപത്തിലും പ്രകൃതി നമ്മെ പൊതിഞ്ഞ് സംരക്ഷിക്കുകയാണെന്നും ആ സംരക്ഷണത്തിന്റെ സുരക്ഷിതത്വം മനസിലാക്കി സുസ്ഥിര ജീവിതശൈലി രൂപപ്പെടുത്തുകയാണ് നമ്മൾ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ജയേഷ് പാടിച്ചാൽ, പ്രകൃതി സം''രക്ഷണത്തിന്റെ ജീനുകൾ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. നാലു വർഷത്തെ പഠന നിരീക്ഷണങ്ങളിലൂടെ താൻ ചിത്രീകരിച്ച ഉത്തര കേരളത്തിലെ പാറക്കുളങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം വിളിച്ചോതുന്ന പള്ളം എന്ന ഡോക്യുമെന്ററി മുൻനിറുത്തി ജയേഷ് വിഷയാവതരണം നടത്തി. ബി.സി.ഐ. സംസ്ഥാന കോർഡിനേറ്റർ ഡോ.അഭിലാഷ് ആർ, സ്റ്റാഫ്​ കോർഡിനേറ്റർമാരായ ഡോ.ധന്യ സേതുനാരായണൻ, ഡോ.ആന്റണി പി.ജെ., ഡോ.ഷീല എസ്, കാവ്യ എന്നിവർ സംസാരിച്ചു.