roshy
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് പത്തനംതിട്ട കളക്ടറേറ്റിൽ ചേർന്ന യോഗം

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള എല്ലാ പ്രവർത്തനങ്ങളും നവംബർ പത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് പത്തനംതിട്ട കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തകർന്നു പോയ ഞുണങ്ങാർ പാലത്തിനു പകരമായി രണ്ടാഴ്ചയ്ക്കുള്ളിൽ താൽക്കാലിക പാലം നിർമ്മിക്കും. സീതത്തോട് ആങ്ങമൂഴി നിലയ്ക്കൽ പ്ലാപ്പള്ളി റോഡിലെ കുടിവെള്ള പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പത്തു ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
ശബരിമല പാതയിലെ കടവുകൾ വൃത്തിയാക്കും. ബാരിക്കേടുകളും വിവിധ ഭാഷയിലുള്ള സൈൻ ബോർഡുകളും സ്ഥാപിക്കും. വടശേരിക്കര, പമ്പ എന്നിവിടങ്ങളിൽ താൽക്കാലിക തടയണകൾ സ്ഥാപിക്കും. കുടിവെള്ളത്തിന്റെ ഗുണനിലവാരം കർശനമായി ഉറപ്പുവരുത്തും. ഓരോ മണിക്കൂറിലും വെള്ളം പരിശോധിക്കുന്നതിനായി പമ്പയിൽ പ്രത്യേക ലാബ് സജ്ജീകരിക്കുമെന്ന് മന്ത്രി പറ‌ഞ്ഞു.
ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ എന്നിവർ സംസാരിച്ചു.