ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിലെ വിതരണത്തിനായി ചെറിയനാട് സപ്ലൈക്കോ ഗോഡൗണിൽ റേഷനുമായെത്തിയ ലോറി നാലു ദിവസമായി തടഞ്ഞിട്ടിരിക്കുന്നു. നടപടിയുണ്ടാകാത്ത പക്ഷം താലൂക്കിലെ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങും. വാതിൽപ്പടി വിതരണം ആരംഭിച്ചപ്പോൾ ഗോഡൗണിലെ തൊഴിലാളികളെത്തി ലോറി തടയുകയായിരുന്നു. കരാറുകാരൻ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. തുടർന്ന് കഴിഞ്ഞ ദിവസം സപ്ലൈകോ ഡിപ്പോ മനേജർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നാലുദിവസം പിന്നിടുമ്പോഴും പ്രശ്നത്തിനു പരിഹാരമായിട്ടില്ല. വിതരണം തടഞ്ഞ തൊഴിലാളികളുടെ ജോലിസ്ഥലം സപ്ലൈ കോ ഗോഡൗൺ ചെറിയനാട് എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ മാത്രം ജോലി ചെയ്യാനാണ് അനുമതിയുള്ളതെന്നും ജില്ലാ ലേബർ ഓഫീസറുടെ ഉത്തരവിൽ പറയുന്നു. ഈ ഉത്തരവിനെതിരെ കൊല്ലം ഡെപ്യൂട്ടി ലേബർ കമ്മിഷണർക്ക് തൊഴിലാളികൾ നൽകിയ അപ്പീൽ കഴിഞ്ഞ മാസം തള്ളി. ഇതേത്തുടർന്ന് മറ്റു തൊഴിലാളികളെ നിയോഗിച്ചു വാതിൽപടി വിതരണത്തിന് കരാറുകാരൻ രംഗത്തെത്തി. തുടർന്നാണു ചൊവ്വാഴ്ച ഗോഡൗണിലെ തൊഴിലാളികൾ ലോഡ് കയറ്റിയ ലോറി തടഞ്ഞത്. കഴിഞ്ഞ മാസവും വാതിൽപ്പടി വിതരണം തടസപ്പെട്ടിരുന്നു.
......................
ഡെപ്യൂട്ടി ലേബർ കമ്മിഷണർ തൊഴിലാളികളുടെ അപ്പീൽ തള്ളിയതിനു ശേഷവും അവർ ധാർഷ്ട്യത്തോടെ ചരക്കുനീക്കം തടയുകയാണ്. പരാതി നൽകി നാല് ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല.
റെജി വർഗീസ്
(കരാറുകാരൻ)
...................
യഥാർത്ഥ തൊഴിലാളിയെ ബോധപൂർവം ഒഴിവാക്കാൻ ശ്രമിക്കുകയാണ്. ഡീലർമാരും, ഉദ്യോഗസ്ഥരും തമ്മിൽ ഒത്തുകളിയാണ്. നിലവിൽ ഗോഡൗണിൽ ജോലി ചെയ്തിരുന്ന കാർഡില്ലാത്ത പ്രദേശിക തൊഴിലാളികളെ കൂടി വാതിൽപ്പടി വിതരണത്തിന് പരിഗണിക്കണം. ചരക്കുനീക്കം തടഞ്ഞിട്ടില്ല. തൊഴിലാളി യൂണിയനുകൾ ഒറ്റക്കെട്ടാണ്.
കെ. സദാശിവൻപിള്ള
(ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ
സംഘ് ജില്ലാ ജനറൽ സെക്രട്ടറി )
...............
നാലു വർഷമായി ലേബർ കാർഡോടു കൂടി പണിയെടുക്കുന്ന തൊഴിലാളികളാണ്. നിലവിൽ ശരാശരി 14,000 രൂപയാണ് കിട്ടുന്നത്. ഗോഡൗൺ ജോലി മാത്രമാക്കിയാൽ 5,000 രൂപ പോലും തികച്ചു കിട്ടില്ല. ലേബർ കാർഡില്ലാത്തവരെ പണിക്കെടുക്കുന്നതിന് പിന്നിൽ ദുരുദ്ദേശങ്ങളുണ്ട്. വിഷയത്തിൽ മന്ത്രി സജി ചെറിയാൻ മുഖേന സർക്കാരിലേക്ക് കത്ത് നൽകിയിട്ടുണ്ട്.
എം.കെ. മനോജ്
സി.ഐ.ടി.യു.
(ചെങ്ങന്നൂർ ഏരിയ പ്രസിഡന്റ് )
ചർച്ച തീരുമാനമായില്ല
ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കരാറുകാരനും സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധികളും തമ്മിൽ സി.ഐയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. നിശ്ചിത ലോഡുകളിൽ നിലവിലെ തൊഴിലാളികൾക്ക് തൊഴിൽ നൽകണമെന്ന് സംയുക്ത ട്രേയിഡ് യൂണിയൻ ആവശ്യപ്പെട്ടു. എന്നാൽ വാതിൽപ്പടി വിതരണത്തിന് യൂണിയൻ തൊഴിലാളികളെ പൂർണമായും ഒഴിവാക്കണമെന്ന് കരാറുകാരൻ നിലപാടെടുത്തു. ഇതോടെയാണ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്.
ചരക്ക് നീക്കം തടസപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാന രഹിതം
ചെങ്ങന്നൂർ: തൊഴിലാളികൾ ചരക്ക് നീക്കം തടസപ്പെടുത്തി എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധികൾ. ജില്ലാ ലേബർ ഓഫീസറുടെ ഉത്തരവ് പ്രകാരം നിലവിലുള്ള തൊഴിലാളികൾ വാതിൽപ്പടി വിതരണം നടത്തേണ്ടതില്ലെന്നും കോൺട്രാക്ടർ പുറത്ത് നിന്നും തൊഴിലാളികളെ കൊണ്ടുവന്ന് തൊഴിൽ ചെയ്യിപ്പിക്കണമെന്നും ജില്ലാ ലേബർ ഓഫീസറും സപ്ലൈകോ ഡിപ്പാർട്ട്മെന്റും നിർബന്ധം പിടിക്കുകയാണെന്നും സംയുക്ത ട്രേഡ് യൂണിയൻ ആരോപിച്ചു.