പത്തനംതിട്ട : ഇലന്തൂർ ഗവ. കോളേജിന് കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ഭൂമിയുടെ ഉടമകളുമായി ചർച്ച നടത്താനും നിർമ്മാണ ജോലികൾ വേഗത്തിലാക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
കോളേജ് താത്കാലികമായി പ്രവർത്തിക്കുന്നത് ഇലന്തൂർ ഗവ. ഹൈസ്‌കൂളിലാണ്. കോളേജിന് കെട്ടിടം നിർമ്മിക്കുന്നതിനായി ഖാദി ബോർഡിന്റെ അധീനതയിലുള്ള മൂന്ന് ഏക്കർ സ്ഥലം സർക്കാർ ഉത്തരവ് പ്രകാരം ഏറ്റെടുത്തിരുന്നു. മൂന്ന് സ്വകാര്യ വ്യക്തികളിൽ നിന്നായി 2.12 ഏക്കർ സ്ഥലം കൂടി വിലയ്‌ക്കെടുക്കാൻ തീരുമാനമായി. കോളേജ് കെട്ടിടത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് കിഫ്ബിയിൽ നിന്നാണ് അനുവദിക്കുന്നത്. നിർമ്മാണ ചുമതല കിറ്റ്‌കോയ്ക്കാണ്. കോളേജ് നിർമ്മിക്കുന്ന സ്ഥലത്ത് സാമൂഹ്യ ആഘാത പഠനം നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ എസ്റ്റിമേറ്റും പ്ലാനും തയാറാക്കിയിട്ടുണ്ട്.
ഇലന്തൂർ ഗവ. ഹൈസ്‌കൂളിൽ പ്രവർത്തിക്കുന്ന കോളേജിൽ ഇപ്പോൾ ബിഎസ് സി സുവോളജി, ബി.എ മലയാളം, ബികോം, എംകോം എന്നീ കോഴ്‌സുകളാണുള്ളത്. ഒക്ടോബർ 18 മുതൽ ക്ലാസുകൾ ആരംഭിക്കും.