കോന്നി : വനിതാ ഹോക്കിയിൽ ജില്ലയുടെ യശ്ശസുയർത്തിയ ഗ്രാമമാണ് മലയാലപ്പുഴ. ദേശീയ, സംസ്ഥാന, ജില്ലാമത്സരങ്ങളിൽ ഇവിടുത്തെ വനിതകൾ സ്റ്റേഡിയം കീഴടക്കിയിരുന്ന കാലമുണ്ടായിരുന്നു. 1979 ലാണ് ഹോക്കി മലയാലപ്പുഴയുമായി ചങ്ങാത്തത്തിലാകുന്നത്. പൊതീപ്പാട് എസ്.എൻ.ഡി.പി യു.പി സ്‌കൂളിലെ കായികാദ്ധ്യാപകനായിരുന്ന ടി.കെ.രവീന്ദ്രനും ഹെഡ് മാസ്റ്റർ പീതാംബരനും ഹോക്കിക്ക് വഴിയൊരുക്കി. തിരുവനന്തപുരത്ത് സ്‌കൂൾ കായികമേളയിൽ പങ്കെടുത്ത രവീന്ദ്രൻ ഹോക്കിയുടെ സാദ്ധ്യതകൾ മനസ്സിലാക്കി അവിടെനിന്ന് ഹോക്കി സ്റ്റിക്കുകളുമായിട്ടാണ് മലയാലപ്പുഴയിലേക്ക് മടങ്ങിയെത്തിയത്.
1979 മുതൽ 84 വരെ സംസ്ഥാന വനിതാഹോക്കി ടീമിൽ ഒൻപത് മലയാലപ്പുഴകാർ ജഴ്സിയണിഞ്ഞിരുന്നു. സുലേഖ, ഷിനി, ഷൈനി, ബിന്ദു, ഏലിയാമ്മ മാത്യു, ഷേർലി എന്നിവർ മലയാലപ്പുഴയുടെ അഭിമാനതാരങ്ങളായി. ഏലിയാമ്മ മാത്യു ദേശീയടീം അംഗമായിരുന്നു. ഇവർക്കെല്ലാം കായിക ക്വാട്ടയിൽ സർക്കാർ ജോലിയും ലഭിച്ചു. പൊലീസ് ഇൻസ്‌പെക്ടറായി ഷേർലി സേവനം അനുഷ്ഠിക്കുന്നു. സുലേഖ കെ.എസ്.ഇ.ബിയിൽ നിന്ന് വിരമിച്ചു. ഒരുകാലത്ത് മലയാലപ്പുഴയിലെ മിക്ക വീടുകളിലും ഹോക്കി കളിക്കാരും ഹോക്കി സ്റ്റിക്കും ഉണ്ടായിരുന്നു. മലയാലപ്പുഴയിൽ ഹോക്കി അക്കാദമി വരെയുണ്ടായി. മലപ്പുറത്ത് നടന്ന സംസ്ഥാന ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട ജേതാക്കളായപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് മലയാലപ്പുഴക്കാരാണ്. ജില്ലയുടെ അഭിമാനം വാനോളം ഉയർത്തിയ മിടുക്കികളിൽ ഏഴുപേർ ഇൗ നാട്ടിൽ ഹോക്കി സ്റ്റിക്കുമായി ഓടിക്കളിച്ചവരാണ്. ബ്ലെസി ജോൺ, പി. ശ്രീലക്ഷ്മി, എസ്. അനശ്വര, ആർഷ എസ്. നായർ, പി.വി.വീണ, ചിപ്പി അജയൻ, രേഷ്മ എന്നിവരാണവർ. ക്രിക്കറ്റിന്റെയോ ഫുട്ബാളിന്റെയോ ഗ്ലാമറില്ലെങ്കിലും ഇന്നും ഇൗ നാട്ടുകാർക്കിഷ്ടം ഹോക്കിയാണ്. ഇന്ത്യൻ കുപ്പായമണിഞ്ഞ ഏലിയാമ്മ മാത്യുവും ഇന്റർ യൂണിവേഴ്സിറ്റി ദേശീയ ചാമ്പ്യൻഷിപ്പ് ജയിച്ച ടീമിന്റെ ക്യാപ്റ്റനായിരുന്ന സുലേഖയും മലയാലപ്പുഴയുടെ ഹോക്കി ചരിത്രത്തിലെ പൊൻതാരങ്ങളാണ്. ഹോക്കിയിൽ 300ൽ ലധികം കായികതാരങ്ങളെ ഇൗ മലയോര നാട് സംഭാവന ചെയ്തിട്ടുണ്ട്. കരസേന ഉദ്യോഗസ്ഥനും കർണാടക ഹോക്കി ടീം അംഗവുമായ ഗോകുൽരാജ് മലയാലപ്പുഴ സ്വദേശിയാണ്.