പത്തനംതിട്ട : കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നതിനാൽ ഇൗ മാസം 20 മുതൽ ജനറൽ ആശുപത്രിയിൽ എല്ലാ ചികിത്സകളും പുനരാരംഭിക്കും. ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗത്തിൽ നഗരസഭ ചെയർമാൻ അഡ്വ.സക്കീർ ഹുസൈന്റെ അഭ്യർത്ഥനയെ തുടർന്ന് ആരോഗ്യമന്ത്രി വീണാജോർജ് അറിയിച്ചതാണിത്. കൊവിഡ് ചികിത്സ തുടരും.
ആശുപത്രിയിൽ അഞ്ച് വർഷത്തിനുള്ളിൽ സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനങ്ങൾ ഏർപ്പെടുത്തും. 10 നിലയുള്ള പുതിയ കെട്ടിടം നിർമ്മിക്കാനുള്ള മാസ്റ്റർ പ്ളാൻ തയ്യാറാക്കാൻ ഇൻകെൽ കമ്പനിക്ക് ചുമതല നൽകി. നിലവിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കും ഡി, ഇ ബ്ളോക്കുകളും പൊളിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 25വർഷം മുന്നിൽ കണ്ടുള്ള വികസന പദ്ധതികളാണ് മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തുന്നത്.
ബി ആൻഡ് സി ബ്ളോക്കിന് മുകളിൽ ഒരു കോടി ചെലവിൽ എെ വാർഡ് ഒാപ്പറേഷൻ തീയറ്ററും മോർച്ചറിക്ക് പിന്നിൽ 2.68 കോടി ചെലവിൽ ജില്ലാ വാക്സൻ സ്റ്റോറും നിർമ്മിക്കാൻ ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം അനുമതി നൽകി. ദേശീയ ആരോഗ്യ മിഷനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രം നിർമ്മിക്കാൻ ആശുപത്രി കോമ്പൗണ്ടിൽ സ്ഥലം ലഭ്യമാക്കിയാൽ തുക അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.
പുതിയ ഒ.പി ബ്ളോക്കിന് 22.38 കോടി
അഞ്ച് നിലകളുള്ള പുതിയ ഒ.പി ബ്ളോക്ക് കെട്ടിടത്തിന് 22.38 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവിടേക്ക് ഒ.പി കാഷ്വാലിറ്റി വിഭാഗങ്ങൾ മാറ്റിയ ശേഷം മാസ്റ്റർ പ്ളാൻ പ്രകാരമുള്ള നിർമ്മാണം ആരംഭിക്കും.
ഒാക്സിജൻ പ്ളാന്റ് ഉദ്ഘാടനം 23ന്
ആശുപത്രിയിൽ സ്ഥാപിച്ച ഒാക്സിജൻ പ്ളാന്റുകളുടെ ഉദ്ഘാടനം 23ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ചെന്നൈ സി.പി.സി.എൽ സ്പോൺസർ ചെയ്ത 500 ലിറ്ററിന്റെയും 1000 ലിറ്ററിന്റെയും പ്ളാന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 500 ലിറ്റർ പ്ളാന്റ് പ്രവർത്തിച്ചു തുടങ്ങി. രണ്ടാമത്തേതിൽ സാങ്കേതിക വിദഗ്ദ്ധരുടെ പരിശോധന പൂർത്തിയാകാനുണ്ട്.
മരുന്ന് മോഷണം: അന്വേഷണ റിപ്പോർട്ട് തള്ളി
ആശുപത്രി ഫാർമസിയിലെ മരുന്ന് മോഷണം പോയ സംഭവത്തിലെ അന്വേഷണ റിപ്പാേർട്ട് മാനേജിംഗ് കമ്മിറ്റി യോഗം തള്ളി. ആരോപണ വിധേയരാണ് അന്വേഷണം നടത്തിയതെന്ന് നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ പറഞ്ഞു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ആർ.എം.ഒ ഡോ.ആശിഷ് മോഹൻകുമാർ, ഡോ.ഗംഗാധരൻപിള്ള, സുമേഷ് എെശ്വര്യ എന്നിവരുടെ സമിതിയെ പുതിയ അന്വേഷണത്തിന് നിയോഗിച്ചു. കൊവിഡ് തീവ്രവ്യാപന കാലത്ത് പാലിയേറ്റീവ് വിഭാഗത്തിലെ മരുന്നുകളാണ് മോഷണം പോയത്.
യോഗത്തിൽ ഡി.എം.ഒ ഡോ.എ.എൽ. ഷീജ, ആശുപത്രി സൂപ്രണ്ട് ഡോ. തേജ് പോൾ, വാർഡ് കൗൺസിലർ സിന്ധു അനിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി
സൗകര്യങ്ങൾ ഏർപ്പെടുത്തും
ആരോഗ്യസംവിധാനം തകർക്കാനുള്ള ശ്രമം ജില്ലയിൽ സർക്കാർ മേഖലയിലെ ആരോഗ്യ സംവിധാനം ശക്തിപ്പെടുന്നതിനെ ആരൊക്കെയോ എതിർക്കുന്നുണ്ട്. ജനറൽ ആശുപത്രി പൂട്ടേണ്ടി വരുമെന്ന പ്രചരണം ഇതിന്റെ ഭാഗമാണ്. സർക്കാർ ആരോഗ്യ സംവിധാനത്തെ തകർക്കാനുള്ള ഒരു ശ്രമവും വിജയിക്കില്ല. ജനറൽ ആശുപത്രിയിലെ ഒരു ഡോക്ടറും കോന്നി മെഡിക്കൽ കോളേജിലേക്ക് പോകേണ്ടി വരില്ല. കോന്നി മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കൗൺസിലിന്റെ അനുമതി ലഭിക്കണമെങ്കിൽ 300 കിടക്കകളുള്ള ആശുപത്രി മൂന്ന് വർഷം പ്രവർത്തിക്കണം. ഇത് കോന്നിയിൽ പ്രവർത്തിക്കുകയാണെങ്കിൽ 2024ന് ശേഷമേ കൗൺസിലിന്റെ അംഗീകാരം ലഭിക്കുകയുള്ളൂ. പത്തനംതിട്ട ജനറൽ ആശുപത്രിയെ സാങ്കേതികമായി കോന്നി മെഡിക്കൽ കോളേജിന്റെ എെ. പി വിഭാഗമാക്കിയത് അതുകൊണ്ടാണ്. മഞ്ചേരിയിലും ഇടുക്കിയിലും ജില്ലാ ആശുപത്രികളിൽ ഇൗ രീതിയിൽ മെഡിക്കൽ കോളേജ് പ്രവർത്തിച്ചിരുന്നു. വീണാ ജോർജ്, ആരോഗ്യമന്ത്രി