റാന്നി: മന്ദമാരുതി - കക്കുടിമൺ റോഡിന്റെ സംരക്ഷണഭിത്തി മഴയിൽ ഇടിഞ്ഞു താണു. ഇതു വഴി പോകുന്ന വാഹനങ്ങൾ അപകടത്തിൽ പെടാൻ സാദ്ധ്യത ഏറെയാണ്. സ്റ്റോറും പടി കഴിഞ്ഞ് നീരാട്ടു കാവിലേക്ക് പോകുന്ന ഭാഗത്താണ് സംരക്ഷണ ഭിത്തി അഞ്ച് മീറ്ററോളം ദൂരത്തിൽ തകർന്നത്. ഈരൂരിക്കൽ തോമസ് മാത്യുവിന്റെ പുരയിടത്തിലേക്കാണ് മണ്ണ് ഇടിഞ്ഞു കിടക്കുന്നത്. വീതി കുറഞ്ഞ റോഡായതിനാൽ അപകട സാദ്ധ്യത ഏറെയാണ്. അത്തിക്കയം - നാറാണംമൂഴി മേഖലയിൽ നിന്നും പെരുനാട്ടിൽ നിന്നും മണിമല, കോട്ടയം ഭാഗങ്ങളിലേകെത്താവുന്ന പുനലൂർ - മൂവാറ്റുപുഴ റോഡിലേക്കെത്തുന്ന എളുപ്പ മാർഗം കൂടിയാണ് റോഡ്. റോഡു വശം ഇടിഞ്ഞതിനാൽ വാഹനങ്ങൾ ഒതുക്കാൻ കഴിയാഞ്ഞ സ്ഥിതിയാണ്. മഴയിൽ ശേഷിക്കുന്ന ഭാഗവും ഇടിഞ്ഞു വീഴാൻ പാകത്തിലാണ് നിൽക്കുന്നത്. പൊതു മരാമത്ത് വകുപ്പിനു കീഴിലുള്ള റോഡ് അടിയന്തരമായി സംരക്ഷിക്കപ്പെടണമെന്നാണ് അവശ്യം.