പത്തനംതിട്ട : വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ നീക്കങ്ങൾ നടക്കുമ്പോഴും കോളേജുകളിലും സ്കൂളുകളിലും പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സികൾ നിറുത്തലാക്കാത്തത് ആശങ്കയ്ക്ക് കാരണമാകുന്നു. ദിവസവും അഞ്ഞൂറിലധികം കൊവിഡ് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണുള്ളത്.
11 സി.എഫ്.എൽ.ടി.സികളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഇതൊടൊപ്പം എല്ലാ പഞ്ചായത്തുകളിലും ഡൊമിസിലിയറി കെയർ സെന്ററും പ്രവർത്തിച്ചിരുന്നു. ഡി.സി.സിയായി പ്രവർത്തിച്ചിരുന്നത് കൂടുതലും സ്കൂളുകളും കോളേജുകളും ഓഡിറ്റോറിയങ്ങളുമാണ്.പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഡി.സി.സികൾ പ്രവർത്തിച്ചിരുന്നത്.
പത്തനംതിട്ട മുസലിയാർ കോളേജിലെയും തിരുവല്ല മാർത്തോമ്മ കോളേജിലെയും സി.എഫ്.എൽ.ടി.സികളിൽ ഇപ്പോഴും രോഗികളുണ്ട്. മുസലിയാർ കോളേജിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സി പത്തനംതിട്ട ജിയോ ആശുപത്രിയിലേക്ക് മാറ്റുമെന്ന് തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. നിലവിൽ പത്തനംതിട്ട ജിയോ ആശുപത്രി പ്രവർത്തിക്കുന്നില്ല. തിരുവല്ല മാർത്തോമ്മ കോളേജിലെ സി.എഫ്.എൽ.ടി.സി മാറ്റണമെന്ന് ആവശ്യപ്പെട്ടങ്കിലും പകരം സ്ഥലം കണ്ടെത്താനാവാത്തതിനാൽ ഇതുവരെ തീരുമാനമായിട്ടില്ല. തിരുവല്ലയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ സി.എഫ്.എൽ.ടി.സിയുടെ സേവനം ആവശ്യവുമാണ്. ആനിക്കാട് പാരിഷ് ഹാൾ പരിഗണനയിലുണ്ടെങ്കിലും അനുമതിയായിട്ടില്ല. കോളേജ് തുറന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെ ഇവിടെ ക്ലാസ് തുടങ്ങാൻ സാധിച്ചിട്ടില്ല.
സ്കൂളുകൾ അടുത്തമാസം തുറക്കുമെന്ന് നിർദേശം വന്നതോടെ നവീകരിക്കാനും സാനിറ്റൈസ് ചെയ്യാനുമുള്ള തിരക്കാണ് പലയിടത്തും. എന്നാൽ സ്കൂളുകളിലെ ഡി.സി.സികൾ ഇതുവരെ നിറുത്തലാക്കിയിട്ടില്ല. ചിലയിടങ്ങളിൽ പകരം സ്ഥലം ലഭിക്കാത്തതിനാൽ മാറ്റാൻ കഴിയില്ലെന്ന തർക്കവും നിലനിൽക്കുന്നുണ്ട്. ഇലന്തൂർ ഗവ.സ്കൂളിൽ പ്രവർത്തിക്കുന്ന ഡി.സി.സി ഇതുവരെ പിൻവലിച്ചിട്ടില്ല. ഇതിനടുത്ത് തന്നെയാണ് ഇലന്തൂർ ഗവ.കോളേജും.
ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ പെരുനാട് കാർമൽ കോളേജിലും തിരുവല്ല മാർത്തോമ കോളേജിലുമാണ്. സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പന്തളം അർച്ചനയും റാന്നി മേനാംതോട്ടവും പത്തനംതിട്ട മുസലിയാർ കോളേജും പ്രവർത്തിക്കുന്നുണ്ട്.
"കോളേജിലും സ്കൂളുകളിലും പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സികൾ, ഡി.സി.സികൾ എന്നിവ പിൻവലിക്കാൻ നിർദേശം നൽകിട്ടുണ്ട്. ഇന്നും നാളെയുമായി പിൻവലിക്കും.
ഡോ.എ.എൽ ഷീജ, (ഡി.എം.ഒ)