പത്തനംതിട്ട : കേന്ദ്ര സർക്കാർ സാമ്പത്തിക ഉൾചേർക്കൽ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകളിൽ നിയമിതരായിരിക്കുന്ന ജില്ലയിലെ സാമ്പത്തിക സാക്ഷരതാ കൗൺസിലേഴ്‌സിന്റെ സമ്മേളനവും യാത്രയയപ്പും ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സാക്ഷരതാ കൗൺസിലേഴ്‌സിന്റെ സേവനം ബാങ്കിംഗ്, കാർഷിക, ബിസിനസ്, വിദ്യാഭ്യാസ മേഖലയ്ക്കും ഏറെ ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം വിരമിച്ച ലീഡ് ബാങ്ക് മാനേജർ ബി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബാങ്കുകളുള്ള ജില്ലയിലെ ബാങ്കുകളുടെ പ്രവർത്തനം ശ്ലാഹനീയവും രാഷ്ട്രത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഏറെ മുതൽകൂട്ടുമാണെന്ന് അദ്ദേഹം പറഞ്ഞു. ബി.വിജയകുമാറിനെയും വിരമിച്ച ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ കൃഷ്ണകുമാറിനെയും മെമെന്റോയും പൊന്നാടയും നൽകി ആദരിച്ചു. കോയിപ്രം ബ്ലോക്ക് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ഷാജി പൂച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ ബ്ലോക്കുകളിലെ കൗൺസിലേഴ്‌സ് രാധാകൃഷ്ണൻ നമ്പൂതിരി, പി.എൻ.ജി. പിള്ള, സാം കെ.ജോസഫ്, തോമസ് ചെറിയാൻ, പ്രദീപ്കുമാർ, രാജീവ്, തോമസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.