cpim

പത്തനംതിട്ട : നഗരസഭ കൗൺസിലർ വി.ആർ.ജോൺസനെ ഒരു വർഷത്തേക്ക് സി.പി.എമ്മിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി തീരുമാനിച്ചു. സി.പി.എം ടൗൺ ബ്രാഞ്ച് സമ്മേളനവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് നടപടി. ഇത് ഇനി ഏരിയ കമ്മറ്റിയും ജില്ലാ സെക്രട്ടറിയേറ്റും അംഗീകരിക്കണം.

കഴിഞ്ഞ ദിവസം ചേർന്ന ടൗൺ ബ്രാഞ്ച് സമ്മേളനത്തിൽ ഉപരി ഘടകം നിർദേശിച്ച സെക്രട്ടറിക്കെതിരെ മറ്റൊരാളെ നിറുത്തി മത്സരം കൊണ്ടുവന്നത് ജോൺസൺ ആണെന്ന് ആരോപണം ഉയർന്നിരുന്നു. തന്റെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ഒരു സമ്മേളന പ്രതിനിധിയോട് ഫോണിൽ അഭ്യർത്ഥിക്കുന്നത് റെക്കോർഡ് ചെയ്തിരുന്നു. ഏരിയ സെക്രട്ടറി പങ്കെടുത്ത സമ്മേളനത്തിൽ റെക്കോർഡ് കേൾപ്പിക്കുകയും ചെയ്തു. ഇതോടെ ബ്രാഞ്ച് സമ്മേളനം നിറുത്തിവച്ചു. മുണ്ടുകോട്ടയ്ക്കൽ ബ്രാഞ്ച് സമ്മേളനത്തിലും ഇതേ ആരോപണം ജോൺസനെതിരെ ഉയർന്നിരുന്നു. പാർട്ടി നൽകിയ വിശദീകരണ നോട്ടീസിന് തൃപ്തികരമായ മറുപടി നൽകാത്തതിനായിരുന്നു സസ്പെൻഷൻ.

നേരത്തെ നഗരസഭയിലെ സി.പി.എം - എസ്.ഡി.പി.എെ സഖ്യത്തെ വിമർശിച്ച് ജോൺസൺ രംഗത്ത് വന്നിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ നേതാക്കളെ അവഹേളിച്ച് പരാമർശം നടത്തിയെന്നും ജോൺസനെതിരെ പരാതിയുണ്ടായിരുന്നു.