നാരങ്ങാനം : വാർഷികാഘോഷത്തോടനുബന്ധിച്ച് ഭക്ഷ്യവിഭവങ്ങളുടെ വൈവിദ്ധ്യ വിരുന്നൊരുക്കി അങ്കണവാടി ജീവനക്കാർ. ഐ.സി.ഡി.എസ് 46-ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് നാരങ്ങാനം പഞ്ചായത്തിലെ അങ്കണവാടി പ്രവർത്തകരുടെ നേതൃത്വത്തിലാണ് അങ്കണവാടി സേവനങ്ങളുടെ പ്രദർശനം നടത്തിയത്. അങ്കണവാടി മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികൾ, സേവനങ്ങൾ, പ്രീ-സ്‌കൂൾ സേവനങ്ങൾ, വിവിധതരം പഠനസാമഗ്രികൾ, എന്നിവ തയാറാക്കിയതിന് പുറമേയാണ് രുചിയുടെ വൈവിദ്ധ്യ വിസ്മയം തീർത്തത്. അമൃതം പൊടി ഉപയോഗിച്ച് തയാറാക്കിയ കേക്ക്, കട്‌ലറ്റ്, അട, സമൂസ, അവലോസുപൊടി, അവലോസുണ്ട, ഹൽവ, ഉണ്ണിയപ്പം, വട, നൂഡിൽസ്, ഉപ്പുമാവ്, പുട്ട്, ഇലക്കറികൾ, പച്ചക്കറികൾ എന്നിവ കൊണ്ടുണ്ടാക്കിയ വിവിധ പലഹാരങ്ങൾ, എന്നിവ പ്രദർശനത്തിനു തയാറാക്കിയിരുന്നു. പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബെന്നി ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് മെമ്പർ അനീഷ, വാർഡ് മെമ്പർമാരായ റസിയ സണ്ണി, സുനില ജയകുമാർ, മായാ ഹരിശ്ചന്ദ്രൻ, അബിതാ ഭായി, മനോജ് മുളന്തറ, ഷീജാമോൾ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ലക്ഷ്മി മോഹൻ, ജിൻസി ബാബു എന്നിവർ സംസാരിച്ചു. അങ്കണവാടി സേവനത്തിൽ നിന്നും വിരമിച്ച പ്രവർത്തകരെ ആദരിച്ചു.