പത്തനംതിട്ട: മഹാത്മഗാന്ധി സന്ദർശിച്ച കേരളത്തിലെ 147 സ്ഥലങ്ങളെ ബന്ധിപ്പിച്ച് കെ.പി.സി.സി ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡന്റ് വി.സി. കബീർ നയിക്കുന്ന ബാപ്പുജിയുടെ കാൽപ്പാടുകളിലൂടെ നടത്തുന്ന സ്മൃതിയാത്ര ഇന്ന് പത്തനംതിട്ട ജില്ലയിലെത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 9.30ന് ഇലന്തൂരിൽ ഖദർദാസ് ടി.പി. ഗോപാലകൃഷ്ണപിള്ളയുടെ മണ്ഡപത്തിൽ (ഖാദി ഓഫീസ്) സ്മൃതിയാത്രയെ സ്വീകരിച്ച് പദയാത്രയായി പഞ്ചായത്ത് ഓഡിറ്റോറിയത്തിലെത്തും. സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. പഴകുളം മധു മുഖ്യപ്രഭാഷണം നടത്തും.
പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, പന്തളം, വടക്കടത്തുകാവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകുന്നേരം അഞ്ചിന് ജില്ലയിലെ യാത്ര അടൂരിൽ സമാപിക്കും. പത്തനംതിട്ടയിലെ സ്വീകരണയോഗം മുൻ എം.എൽ.എ മാലേത്ത് സരളാദേവിയും അടൂരിൽ ഡി.സി.സി മുൻ പ്രസിഡന്റ് പി. മോഹൻരാജും ഉദ്ഘാടനം ചെയ്യും.
ഗാന്ധിദർശൻ സമിതി സംസ്ഥാന സെക്രട്ടറി ഡോ.സി.വി. സജി പണിക്കർ, ജില്ലാ പ്രസിഡന്റ് എം.ബി.സത്യൻ, അജി അലക്‌സ്, സാംസൺ തെക്കേതിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.