rain

പത്തനംതിട്ട : ജില്ലയിൽ നാളെ മുതൽ മൂന്ന് ദിവസം മഴ അതിശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ജില്ലയിൽ മഞ്ഞ അലർട്ടാണ്. നാളെ മുതൽ 13 വരെ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇൗ ദിവസങ്ങളിൽ 115 മുതൽ 204 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് കരുതുന്നത്. വെളളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. അണക്കട്ടുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്രതാ മുന്നറിയിപ്പ് നൽകി.

കക്കി ആനത്തോട് റിസർവോയറുകളിൽ നാളെ മുതൽ 20 വരെ കനത്ത മഴ മൂലം ജലനിരപ്പ് 977.45 മീറ്റർ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ആവശ്യമെങ്കിൽ ഇന്ന് രാവിലെ എട്ടിന് ശേഷം ജലം തുറന്നുവിടും.
ഷട്ടറുകൾ ഉയർത്തുന്നത് മൂലം പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയരാനുള്ള സാഹചര്യത്തിൽ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണെന്ന് ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ അറിയിച്ചു.