തിരുവല്ല: ആറോളം റോഡുകൾ സംഗമിക്കുന്ന കാവുംഭാഗം കവല കേന്ദ്രീകരിച്ച് അപകടഭീഷണി ഉയരുന്നു. തിരുവല്ല മാവേലിക്കര റോഡിലാണ് തിരക്കേറിയ കാവുംഭാഗം ജംഗ്ഷൻ. ഇടിഞ്ഞില്ലം റോഡും മുത്തൂർ റോഡും ശ്രീവല്ലഭ ക്ഷേത്രം റോഡും കല്ലുങ്കൽ റോഡുമെല്ലാം സംഗമിക്കുന്ന കവലയിൽ യാത്രക്കാർക്ക് സൂചന നൽകാനുള്ള സിഗ്‌നൽ സംവിധാനമോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. അടുത്തകാലത്ത് നവീകരിച്ച ഇടിഞ്ഞില്ലം റോഡും മുത്തൂർ റോഡും സംഗമിക്കുന്ന ഭാഗങ്ങളിലാണ് തിരക്കേറെയും. വാഹനയാത്രികർക്ക് ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളോ സിഗ്‌നൽ സംവിധാനമൊ ഇല്ലാത്തതാണ് അപകടഭീഷണിക്ക് കാരണം. മാവേലിക്കര, കായംകുളം പ്രദേശങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ ചങ്ങനാശേരി ഭാഗത്തേക്ക് പോകുന്നതിന് ഏറെ ആശ്രയിക്കുന്നത് ഇടിഞ്ഞില്ലം റോഡിനെയാണ്. തിരക്കേറുന്ന സമയത്ത് വാഹനങ്ങൾ റോഡിൽ നിന്നും അശ്രദ്ധയോടെ മറ്റ് റോഡുകളിലേക്ക് തിരിക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.

തിരുവല്ല പൊടിയാടി റോഡിലും

യാത്രാദുരിതം

നിർമ്മാണം നടക്കുന്ന തിരുവല്ല പൊടിയാടി റോഡിൽ യാത്രാദുരിതം ഏറെയാണ്. വാഹനങ്ങളുടെ തിരക്കേറുന്ന രാവിലെയും വൈകുന്നരങ്ങളിലും ഏറങ്കാവ് ക്ഷേത്രത്തിന് മുന്നിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. തിരക്കേറിയ ഈ ഭാഗത്ത് വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് ഇല്ല. ‌യാത്രക്കാരും നാട്ടുകാരും ഇക്കാര്യം പലതവണ ആവർത്തിച്ചിട്ടും അധികൃതർ ഇതൊന്നും കണ്ടമട്ടില്ല.

..............

ആവശ്യം

കാവുംഭാഗം കവല കേന്ദ്രീകരിച്ച് ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കുകയും സൂചനാ ബോർഡുകൾ സ്ഥാപിച്ച് ഇവിടെ ഉണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കണം

...............

ഇവിടെ ഉണ്ടാകുന്ന മിക്ക അപകടങ്ങളിലും രക്ഷകരായി എത്തുന്നത് ഇവിടുത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ്. അപകടങ്ങൾ ഉണ്ടാകുന്ന സമയത്ത് പൊലീസിൽ വിവരം അറിയിച്ചാലും ഇവർ എത്താൻ കാലതാമസം എടുക്കും.

(നാട്ടുകാർ)

ഗതാഗതനിയന്ത്രണ സംവിധാനങ്ങളില്ല