തിരുവല്ല: വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയാടെ ശാസ്ത്രസാഹിത്യ പരിഷത്ത് ഇക്കൊല്ലം പ്രൈമറി, ഹൈസ്കൂൾ കുട്ടികൾക്കായി നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. സ്വാഗതസംഘം ചെയർമാനായി ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാറിനെയും ജനറൽ കൺവീനറായി വിജ്ഞാനോത്സവ സമിതി കൺവീനർ വർഗീസ് മാത്യുവിനെയും തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരനാണ് സ്വാഗതസംഘം രക്ഷാധികാരി. വിജ്ഞാനോത്സവ സമിതി ചെയർമാൻ രാജൻ ഡി. ബോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബീനാറാണി കെ.എസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അന്വേഷണാത്മക ,സർഗാത്മക നൈപുണികളെ വികസിപ്പിക്കാൻ പറ്റിയ വിധമാണ് വിജ്ഞാനോത്സവം രൂപകൽപ്പന ചെയ്തിരിക്കുന്നത്. "അറിവു നിർമ്മിക്കുന്ന കുട്ടി, സ്വയം വിലയിരുത്തുന്ന കുട്ടി' എന്നതാണ് ഇക്കൊല്ലത്തെ പ്രമേയം. സമിതിയുടെ വൈസ് ചെയർമാൻമാരായി ബീനാറാണി കെ.എസ്, ഡയറ്റ് പ്രിൻസിപ്പൽ വേണുഗോപാൽ പി.പി എന്നിവരെയും ജോ.കൺവീനറായി ഡോ.ആർ.വിജയമോഹനനെയും തിരഞ്ഞെടുത്തു. പരിഷത്ത് സംസ്ഥാന കമ്മിറ്റിഅംഗം ഡോ.ടി.പി കലാധരൻ വിജ്ഞാനോത്സവം വിശദീകരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ മിനികുമാരി വി.കെ, വിജയലക്ഷ്മി, അധ്യാപക സംഘടനാ നേതാക്കളായ കിഷോർ (കെ.പി.എസ്.ടി.എ), ബിനു കെ.നൈനാൻ (കെ.എസ്.ടി.എ), പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.എൻ അനിൽ എന്നിവർ സംസാരിച്ചു.