ചെങ്ങന്നൂർ: അഗതി മന്ദിരത്തിനെതിരെയുള്ള പരാതി വ്യാജമാണെന്നു ചെങ്ങന്നൂർ നഗരസഭാ
കൗൺസിൽ. സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കാൻ കൗൺസിൽ തീരുമാനം. വെള്ളിയാഴ്ച ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിന്റെയാണ് തീരുമാനം. സെക്രട്ടറി സ്റ്റാലിൻ നാരായണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത്ത് സുധാകർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബി.മോഹനകുമാർ എന്നിവരോട് ഏഴു ദിവസത്തിനകം വിശദീകരണം തേടാനും തൃപ്തികരമല്ലാത്ത പക്ഷം നിയമ നടപടിക്കു ശുപാർശ ചെയ്യാൻ തീരുമാനിച്ചു. വ്യാജരേഖ ചമച്ചവർക്കെതിരെ ക്രിമിനൽ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡി.ജി.പി.ക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകാനുംതീരുമാനിച്ചു. നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് അദ്ധ്യക്ഷയായി.

ആരോപണം അടിസ്ഥാന രഹിതം: സ്റ്റാലിൻ നാരായണൻ

ചെങ്ങന്നൂർ: ചെയർപേഴ്‌സനേ ഫയൽ കാണിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സെക്രട്ടറി സ്റ്റാലിൽ നാരായണൻ പറഞ്ഞു. ഓൺലൈനായി അജണ്ട ചെയർപേഴ്‌സണ് അയച്ചുകൊടുത്തിട്ടുള്ളതാണ്. എന്നാൽ കഴിഞ്ഞ മാസം 29ന് കൂടിയ കൗൺസിലിൽ ഈ വിഷയം പരിഗണിച്ചിട്ടില്ല. അഗതി മന്ദിരത്തിന് സൗജന്യമായി കെട്ടിടം നൽകാൻ കൗൺസിൽ തീരുമാനിച്ചിട്ടില്ല.
അടിസ്ഥാനമില്ലാത്ത വാർത്തകൾക്ക് ഉത്തരവാദികളായവർക്ക് എതിരെ ആവിശ്യമായ പരിശോധന നടത്തി നിയമ നടപടി സ്വീകരിക്കും. കേരള മുൻസിപ്പൽ ആക്ട് 572 പ്രകാരം ബൈലാ പ്രബാല്യത്തിൽ വരണമെങ്കിൽ കൗൺസിൽ പാസാക്കിയ ബൈലാ സർക്കാരിന്റെ അംഗീകാരത്തോടെ വിജ്ഞാപനം നടത്തിയിരിക്കണം. അല്ലാത്തതിന് നിയമ സാധുത ഇല്ലെന്നും സെക്രട്ടറി പറഞ്ഞു.