ചെങ്ങന്നൂർ : കൊവിഡ് പശ്ചാത്തലത്തിൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ യോഗംചേർന്നു.തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികൾ, സ്‌കൂൾപ്രിൻസിപ്പൽമാർ, പ്രധാനാദ്ധ്യാപകർ, പി.ടി.എ, എസ്.എം.സി പ്രസിഡന്റുമാർ, വിവിധ വകുപ്പു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വിദ്യാലയങ്ങൾതുറക്കുന്നതിന് മുമ്പ് സർക്കാർ നിർദ്ദേശങ്ങൾ, വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ കർശനമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. നിയോജക മണ്ഡലത്തിൽ നിർമ്മാണം നടന്നു വരുന്ന സ്‌കൂൾ കെട്ടിടങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നും അല്ലാത്ത പക്ഷം ഈ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ പൂർത്തീകരിച്ച മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റണം.ഗതാഗത സൗകര്യത്തിനായി കെഎസ്ആർടിസി ബസ്സ് സൗകര്യത്തിനായി നിർദ്ദേശം നൽകും. 11, 12 തീയതികളിലായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്തെ മുഴുവൻ സ്‌കൂളുകളിലും പരിശോധനയും സ്‌കൂൾ അധികൃതർ, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ യോഗവും നടക്കും. 13, 14 തീയതികളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനയും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, പഞ്ചായത്ത് പ്രസിഡന്റുമാർ,പൊതുവിദ്യാഭ്യാസ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ, ഡി.ഇ.ഒ, ചെങ്ങന്നൂർ ഡി.വൈ.എസ്.പി ആർ. ജോസ്, ബി.പി.ഒ.ജി. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.