ചെങ്ങന്നൂർ : ചെറിയനാട് എൻ.എഫ്.എസ്.എ ഗോഡൗണിൽ നിലനിന്നിരുന്ന തൊഴിൽ തർക്കം പരിഹരിച്ചതോടെ നാലു ദിവസമായി മുടങ്ങിയ ചരക്കുനീക്കം ആരംഭിച്ചു. മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പായത്. വാതിൽപ്പടി വിതരണവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകളും കരാറുകാരനും, തൊഴിൽ വകുപ്പും തമ്മിലുണ്ടായ തർക്കം മൂലം കഴിഞ്ഞ ദിവസങ്ങളിൽ ഗോഡൗണിൽ ചരക്ക് നീക്കം ഭാഗീഗമായി തടസപ്പെടുത്തിയിരുന്നു. ആകെയുള്ള 27 തൊഴിലാളികളിൽ 18 പേർ ഗോഡൗണിലെ കയറ്റിറക്ക് ജോലികൾ ചെയ്യുന്നതിനും ഒൻപതുപേർ വാതിൽപ്പടി വിതരണത്തിനും എന്ന തീരുമാനത്തിലെത്തി . തുടർന്നും തൊഴിലാളികളെ തികയാതെ വരുന്ന സാഹചര്യത്തിൽ കരാറുകാർക്ക് സ്വന്തം തൊഴിലാളികളെ ഉപയോഗിക്കാമെന്നും ധാരണയായി. എല്ലാ മാസവും കൃത്യസമയത്ത് ഭക്ഷ്യ ഉത്പന്നങ്ങൾ സാധനങ്ങൾ റേഷൻ കടകളിൽ കൃത്യസമയത്ത് എത്തിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ നിർദ്ദേശിച്ചു. യോഗത്തിൽ പൊതുവിതരണ, തൊഴിൽ, ക്ഷേമനിധി ബോർഡ്, പൊലീസ് ഉദ്യോഗസ്ഥർ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ,റേഷൻ ഡീലേഴ്‌സ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.