കോന്നി: അഞ്ചു വർഷങ്ങൾക്കു മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയ ചിറ്റൂർ കടവുപാലത്തിന്റെ പണികൾ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. റിവർ മാനേജ്‍മെന്റ് ഫണ്ട് ഉപയോഗിച്ച് രണ്ടര കോടി രൂപ മുതൽ മുടക്കിൽ നിർമ്മിതി കേന്ദ്രത്തിന്റെ ചുമതലയിൽ നിർമ്മാണം തുടങ്ങിയ പാലം അച്ചൻ കോവിലാറിന്റെ ഇരുകരകളിലുമുള്ള ചിറ്റൂർ മുക്ക് അട്ടച്ചാക്കൽ കരകളെ പരസ്പരം ബന്ധിപ്പിക്കാൻ വേണ്ടിയുള്ളതായിരുന്നു. പാലത്തിന്റെ പണികൾ തുടങ്ങുന്നതിനു മുമ്പ് ഇവിടെ കടത്തു വള്ളമുണ്ടായിരുന്നു. പിന്നീട് അതും നിലച്ചതോടെ മറുകരയിലെത്താൻ മറ്റു വഴികൾ തേടേണ്ട അവസ്ഥയിലാണ് നാട്ടുകാർ. കോന്നി, മലയാലപ്പുഴ, പ്രമാടം, അരുവാപ്പുലം, തണ്ണിത്തോട് പഞ്ചാത്തുകളിലുള്ള ജനങ്ങൾക്ക്‌ പ്രയോജനപ്രദമാകേണ്ട പാലത്തിന്റെ പണികൾ പുനരാംഭിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ചെങ്ങറ, അട്ടച്ചാക്കൽ മേഖല യോഗം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം ചെങ്ങറ ഉദ്ഘാടനം ചെയ്തു. എം.ടി. ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജോസ് കൊന്നപ്പാറ, ജയിംസ് തോട്ടത്തിൽ, തങ്കച്ചൻ തടത്തിൽ, രാജു പുതുവേലിൽ, ജോൺ വട്ടപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.