പത്തനംതിട്ട : കളക്ടറേറ്റിൽ നിന്ന് പുറത്തേക്കുള്ള റോഡിലെ കുഴികൾ അപകടം വിതയ്ക്കുന്നു. കുത്തിറക്കമുള്ള റോഡിലെ കുഴികളിൽ നിന്ന് ഒഴിയാൻ ബ്രേക്ക് ചെയ്യുന്ന ബൈക്കുകൾ കുത്തിമറിഞ്ഞാണ് അപകടത്തിൽപ്പെടുന്നത്. അടുത്തിടെ രണ്ട് ബൈക്ക് യാത്രക്കാർ ഇവിടെ വീണിരുന്നു. റോഡിലെ ടാറിംഗ് ഇളകിയിട്ട് രണ്ടു വർഷത്തോളമാകുന്നു. കനത്ത മഴയിൽ വെള്ളം കുത്തൊഴുക്കായി താഴേക്ക് പോകുന്നതു കാരണമാണ് ടാറിംഗ് ഇളകിയത്. ശാസ്ത്രീയമായ രീതിയിൽ അല്ല റോഡ് നിർമ്മാണം നടന്നതെന്ന് പരാതികൾ ഉയർന്നിരുന്നു. ആക്ഷേപങ്ങൾ ഒഴിവാക്കാൻ പുറമേ ടാർ ചെയ്യുകയായിരുന്നു. മതിയായ ഓടയില്ല. ഓട നിർമ്മിക്കാനും വീതി കൂട്ടാനും കളക്ടറേറ്റിലെ സ്ഥലം വിട്ടു നൽകണം. നഗരസഭയുടെ പരിധിയിൽ വരുന്നതാണ് റോഡ്. ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഉദ്യോഗസ്ഥർ, വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ തുടങ്ങിയവരുടെ വാഹനങ്ങൾ ഇതുവഴിയാണ് ടി.കെ റോഡിലേക്ക് ഇറങ്ങുന്നത്. കളക്ടറേറ്റിലേക്ക് കവാടം മുതലുള്ള റോഡ് ഉന്നത നിലവാരത്തിൽ പണിഞ്ഞിട്ടുണ്ടെങ്കിലും പുറത്തേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.റോഡ് ഉന്നത നിലവാരത്തിൽ പുനിർനിർമ്മിക്കുകയോ കോൺക്രീറ്റ് ചെയ്യുകയോ വേണമെന്നാണ് പരിസര വാസികളുടെ ആവശ്യം.
'' റോഡ് പുനർ നിർമ്മാണത്തിന് അടുത്ത വർഷത്തെ പ്ളാൻ ഫണ്ട് ലഭ്യമാക്കും. ഒരു വർഷത്തേക്ക് അഞ്ച് ലക്ഷം രൂപ മാത്രമാണ് ലഭിക്കുന്നത്. വാർഡിൽ ഇത്തവണ ടാർ ചെയ്യുന്നത് ആലുക്കാസ് റോഡാണ്.
സിന്ധു അനിൽ
(വാർഡ് കൗൺസിലർ)