പന്തളം : നഗരസഭ ഒന്നാം വാർഡ് കൗൺസിലർക്ക് പിഴ ചുമത്തിയ മുൻ നഗരസഭാ സെക്രട്ടറി ജയകുമാറിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. തന്റെ പ്രദേശവാസികൾക്ക് ഹാനികരമായി റോഡിൽ നിൽക്കുന്ന മരം മുറിച്ചുമാറ്റുന്നതിന്റെ ആവശ്യകത കൗൺസിലറായ സൗമ്യ സന്തോഷ് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ പേരിൽ ആയിരുന്നു 9100 രൂപ പിഴ ചുമത്തിവസെക്രട്ടറി വിവാദ ഉത്തരവ് ഇറക്കിയത്. കേരള മുനിസിപ്പാലിറ്റി ആക്ടിലെ 36എ പ്രകാരം പ്രദേശത്തെ ആവശ്യങ്ങൾ സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുക എന്നുള്ളത് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ ചുമതലയാണ്. എന്നാൽ കൗൺസിലറിന്റെ കർത്തവ്യ നിർവഹണത്തിൽപ്പെടുന്നതല്ല എന്ന വിചിത്ര വാദവുമായി കഴിഞ്ഞ മാസം 9100 രൂപ സൗമ്യ സന്തോഷിൽ നിന്നും ജപ്തി ചെയ്യുമെന്ന് കാണിച്ച് സെക്രട്ടറി ഇറക്കിയ നടപടി ക്രമമാണ് കോടതി സ്റ്റേ ചെയ്തത്. സൗമ്യ സന്തോഷ് സമർപ്പിച്ച ഹർജിയിന്മേൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സൗമ്യ സന്തോഷിന് വേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും സി.ബി.ഐയുടെ മുൻ സ്റ്റാൻഡിംഗ് കൗൺസലുമായ അഡ്വ.ഡോ.കെ.പി.സതീശൻ ഹാജരായി.