പത്തനംതിട്ട: തുലാമാസ പൂജയ്ക്കായി ശബരിമല നട 16ന് വൈകിട്ട് അഞ്ചിന് തുറക്കും. 21വരെയാണ് പൂജകൾ. 17 മുതൽ ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, വിശേഷാൽ പൂജകൾ എന്നിവയുണ്ടാകും. പ്രതിദിനം 15,000 പേർക്കാണ് പ്രവേശനം. ഇതിനായി പൊലീസിന്റെ വെർച്വൽ ക്യു ബുക്കിംഗ് തുടങ്ങി. 10 വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനമുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തവർ സർട്ടിഫിക്കറ്റും അല്ലാത്തവർ ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റും കരുതണം.
തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണം. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് 20 കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തും. തിരുവനന്തപുരം, പത്തനംതിട്ട, പുനലൂർ, കൊട്ടാരക്കര ഡിപ്പോകളിൽ നിന്ന് സ്പെഷ്യൽ സർവീസുകളുണ്ടാകും.