തിരുവല്ല: മദ്ധ്യതിരുവിതാംകൂറിലെ ആദ്യ ലൈവ് എൻഡോസ്കോപ്പി സെമിനാർ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു. ആശുപത്രിയിലെ ഉദരരോഗവിഭാഗമായ ബിലീവേഴ്സ് റീജിയണൽ ഇൻസ്റ്റിറ്റൂട്ട് ഒഫ് ഗാസ്ട്രോഎന്ററോളജി, ഹെപ്പറ്റോളജി ആൻഡ് ട്രാൻസ്പ്ലാന്റേഷൻ (BRIGHT) ന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാറിൽ കേരളത്തിന് അകത്തും പുറത്തുമുള്ള പ്രഗത്ഭരായ അൻപതോളം ഉദരരോഗവിദഗ്ദ്ധർ പങ്കെടുത്തു. കരൾ പിത്താശയ പാൻക്രിയാസ് രോഗങ്ങളുടെ ചികിത്സയിലുപയോഗിക്കുന്ന ഇ.ആർ.സി.പി, നൂതനസാങ്കേതിക വിദ്യയായ കൊളാഞ്ചിയോകോപ്പി എന്നിവ യഥാർത്ഥ രോഗിയിൽ ചെയ്യുന്നത് ഓപ്പറേഷൻ തിയേറ്ററിൽ നിന്നും തത്സമയം ബിലീവേഴ്സ് ആശുപ്രതിയുടെ ആംഫി തിയേറ്ററിലേക്ക് സംപ്രേഷണം ചെയ്തുകൊണ്ടാണ് ഏകദിന സെമിനാർ സംഘടിപ്പിച്ചത്. വിവിധ ആശുപത്രിയിൽ നിന്നെത്തിയ ഉദരരോഗവിദഗ്ദ്ധർ അണിനിരന്ന സദസിലേക്ക് സെമിനാർ ഡയറക്ടറും ഗാസ്ട്രോ വിഭാഗം കൺസൾട്ടന്റുമായ ഡോ.ദീപക്ക് ജോൺസൺന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നടത്തിയ പ്രൊസീജിയറുകളാണ് തത്സമയം സംപ്രേഷണം ചെയ്തത്. ആശുപത്രി മാനേജർ റവ.ഫാ.സി ജോ പന്തപ്പള്ളിൽ ഉദ്ഘാടനം നിർവഹിച്ച ഏകദിന സെമിനാറിൽ ഡയറക്ടറും സി.ഇ.ഒ യും ഉദരരോഗ വിഭാഗം മേധാവിയുമായ പ്രൊഫ. ഡോജോർജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. ഉദരരോഗവിഭാഗം കൺസൾട്ടന്റ് ഡോ.അശോക് കുമാർ ബി., അസ. ഡയറക്ടർമാരായ ഡോ. ജോൺ വല്യത്ത്, ഡോ. മോഹൻ വർഗീസ് എന്നിവർ പങ്കെടുത്തു.