ചെങ്ങന്നൂർ : എസ്.എസ്.എൽ.സിയും തുല്ല്യ കോഴ്സുകളും പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ്ടു പ്രവേശനം ഉറപ്പാക്കണമെന്ന് എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ ആവശ്യപ്പെട്ടു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചിട്ടില്ലെന്ന് യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം പറഞ്ഞു. ചെങ്ങന്നൂർ യൂണിയൻ നടപ്പാക്കുന്ന കർമ്മനിരത പ്രവർത്തനം മുന്നേറാൻ സംഘടന പദ്ധതിയുടെ 2801ാം പെരിങ്ങാല നോർത്ത് ശാഖയിൽ കൂടിയ സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ അഡ്.കമ്മിറ്റിയംഗം ജയപ്രകാശ് തൊട്ടാവാടി അദ്ധ്യക്ഷനായിരുന്നു. അഡ്.കമ്മിറ്റിയംഗങ്ങളായ അനിൽ അമ്പാടി, കെ.ആർ. മോഹനൻ, മോഹനൻ കൊഴുവല്ലൂർ എന്നിവർ പ്രസംഗിച്ചു. ദീർഘകാലം ശാഖാ സെക്രട്ടറി ആയിരുന്ന കെ.കെ.പുരുഷോത്തമനെയും ചാർട്ടേട് അക്കൗണ്ടന്റായ സംഗീത സുനിലിനെയും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ആദരിച്ചു. ചികിത്സാ ധനസഹായവും വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡും വിതരണം ചെയ്തു. പോഷക സംഘടനകളുടെ യൂണിയൻ, ശാഖാതല ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിന് ശാഖാ പ്രസിഡന്റ് അരുൺ തമ്പി സ്വാഗതവും സെക്രട്ടറി സുധാ വിജയൻ കൃതജ്ഞതയും പറഞ്ഞു. എല്ലാ സർക്കാർ എയ്ഡഡ് മേഖലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ സയൻസ് വിഷയത്തിൽ പുതിയ ബാച്ച് അനുവദിക്കണമെന്ന് യൂണിയൻ അഡ്.കമ്മിറ്റി ആവശ്യപ്പെട്ടു.