പത്തനംതിട്ട : ശബരിമലയിൽ വഴിപാട് നിരക്ക് വർദ്ധിപ്പിക്കുന്നതു വഴി തീർത്ഥാടകരെ കൊള്ളയടിക്കാൻ ദേവസ്വം ബോർഡ് സ്വീകരിക്കുന്ന നടപടിക്ക് ഹൈക്കോടതി അംഗീകാരം നൽകരുതെന്ന് ശബരിമല അയ്യപ്പ ധർമപരിഷത്ത് ദേശീയ സമിതി ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് ദർശനത്തിനെത്തുന്ന ഭക്തന്മാർക്ക് പ്രസാദം സൗജന്യമായി നൽകാൻ ദേവസ്വം ബോർഡ് തയാറാകണം. ശബരിമല വെർച്വൽ ക്യൂ പൂർണമായും ഒഴിവാക്കുകയും കാനനപാത തുറന്നു കൊടുക്കുകയും വേണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു. തീർഥാടകരെ വേദനിപ്പിക്കുന്ന നടപടി ഉണ്ടാകാതിരിക്കാൻ സർക്കാരും ദേവസ്വം ബോർഡും ജാഗ്രത പാലിക്കണം. സന്നദ്ധ സംഘടനകൾക്ക് സേവന പ്രവർത്തനത്തിനും അന്നദാനത്തിനും അവസരം നൽകണം. ദേശീയ വൈസ് പ്രസിഡന്റ് എം.ജി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻ നായർ, കോ-ഓർഡിനേറ്റർ ചവറ സുരേന്ദ്രൻ പിള്ള, ട്രഷറർ കെ. വേണുഗോപാൽ, പ്രഫ. എൻ. വെങ്കിടാചലം, പ്രഫ. ശ്രീവത്സൻ നമ്പൂതിരി, അഡ്വ. പാലക്കാട് രാജഗോപാല കുറുപ്പ്, തുറവൂർ ടി.ജി. പത്മനാഭൻ നായർ, അറുമാനൂർ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.