2
ആർ രഞ്ജിനി

തെങ്ങമം: വ്യത്യസ്ത മേഖലകളിൽ മികവു പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ എൽ.സുഗതൻ ഏർപ്പെടുത്തുന്ന പ്രതിഭാമരപ്പട്ടം അവാർഡിന് പിറന്ന നാടിന്റെ ചരിത്രം കുറിച്ച ആർ.രഞ്ജിനി അർഹയായി. പള്ളിക്കൽ പയ്യനല്ലൂർ കൊല്ലൻ പറമ്പിൽ പെയിന്റിംഗ് തൊഴിലാളിയായ രാജേഷിന്റെയും പയ്യനല്ലൂർ ഗവ.എൽ.പി സ്കൂളിൽ പ്രീപ്രൈമറി വിഭാഗം ജീവനക്കാരി രജനിയുടെയും മകളാണ്. പത്താംക്‌ളാസിൽ പഠിക്കുമ്പോൾ ശിലാമ്യൂസിയം സംഘടിപ്പിച്ച പ്രാദേശിക ചരിത്ര രചനയിൽ, പള്ളിക്കലിന്റെ ചരിത്രമെഴുതി ഒന്നാം സ്ഥാനത്തെത്തി. ഇത് പിന്നീട് പൈതൃകം തേടി പള്ളിക്കൽ " എന്ന ഡോക്യുമെൻട്രിയായി ശ്രദ്ധനേടി. ഇപ്പോൾ "പള്ളിക്കലപ്പൻ " എന്ന പേരിൽ ഒരു പുസ്തകമായി പുറത്തിറങ്ങുകയാണ്. നവംബർ ആദ്യ ആഴ്ച പ്രകാശനം ചെയ്യും. പഠനത്തിലും ഒട്ടും പിന്നിലല്ലാത്ത രഞ്ജിനിക്ക് പത്താംക്‌ളാസിലും പ്ലസ്ടുവിനും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നു. വീട്ടുമുറ്റത്ത് ഒരു ഫലവൃക്ഷംവച്ചു പിടിപ്പിക്കുന്നത് കൂടാതെ ഫലകവും പ്രശസ്തി പത്രവും 1001 രൂപ ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്‌കാരം.