റാന്നി : നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി നാറാണംമൂഴി ഗവൺമെന്റ് എൽ.പി സ്കൂളും പരിസരവും പെരുനാട് പൊലീസിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി നൽകി . ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലെ മുഴുവൻ സ്റ്റേഷൻ പരിധിയിലുമുള്ള സ്കൂൾ പരിസരങ്ങളും മറ്റും വൃത്തിയാക്കി നൽകുന്നതിന്റെ ഭാഗമായിട്ട് ഞാറാഴ്ച സി.ഐ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ പത്തോളം പൊലീസുകാർ ചേർന്നാണ് സ്കൂളും പരിസരവും വൃത്തിയാക്കിയത്. ഒക്ടോബർ രണ്ടിന് പെരുനാട് ഹൈസ്കൂളും പരിസരവും സമാനമായ രീതിയിൽ പെരുനാട് പൊലീസ് വൃത്തിയാക്കി നൽകിയിരുന്നു. സി.ഐ രാജീവ് കുമാറിനെ കൂടാതെ എസ്.ഐ മാരായ വിജയൻ തമ്പി, സലീം,എ.എസ് ഐ പ്രസന്നൻ, സി.പി.ഒ മാരായ അജിത്, ജോമോൻ, വിനീഷ്,അരുൺ രാജ് വനിതാ പൊലീസ്മാരായ അശ്വതി, അപർണ എന്നിവരും സംഘത്തിലുണ്ടായിരുന്നു. റാന്നി ഡി.വൈ.എസ്. പി മാത്യു ജോർജ് സ്ഥലം സന്ദർശിച്ചു. പൊലീസുകാർക്ക് വേണ്ട നിർദേശങ്ങൾ നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറൻപ്ലാക്കൽ ,വാർഡ് മെമ്പർ സോണിയ മനോജ് , സ്കൂൾ എച്ച്.എം ബിജു കുമാർ എന്നിവർ പൊലീസ് ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ചു. പി.ടി.എ പ്രസിഡന്റ് രഞ്ജിത് രാജൻ , സ്കൂൾ സ്റ്റാഫ് അങ്കണവാടി പ്രവർത്തകർ എന്നിവരും സൂചീകരണത്തിൽ പങ്കാളികളായി.