ചെങ്ങന്നൂർ: പുലിയൂർ പഞ്ചായത്തിൽ മൂന്ന് വർഷമായി തകർന്ന് വെള്ളക്കെട്ടായി മാറിയ റോഡിൽ കൊതുമ്പുവള്ളമിറക്കി ബി.ജെ.പി പ്രതിഷേധിച്ചു. കുളിക്കാംപാലം ഷാപ്പുപടി റോഡിൽ ഒരു കിലോമീറ്റർ ഭാഗമാണ് കാൽ നട യാത്ര പോലും ദുസഹമായ നിലയിൽ വെള്ളക്കെട്ടായി മാറിയത്. നിത്യേന നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബി.ജെ.പി ഉൾപ്പടെ ഉള്ളവർ പ്രതിഷേധ പരിപാടികൾ നടത്തിയിട്ടും ബന്ധപ്പെട്ടവർ മൗനം തുടരുകയാണ്. പുലിയൂർ പഞ്ചായത്തിന്റെ എട്ടാം വാർഡ് കുളിക്കാം പാലം, 12 -ാംവാർഡ് ഇലഞ്ഞിമേൽ കാടൻ മാവ്, ചെറിയാനാട് പഞ്ചായത്തിലെ ഒന്നാം വാർഡ് ഇടവൻകാട് എന്നീ പ്രദേശങ്ങളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. പുലിയൂർ, ഇലഞ്ഞിമേൽ, തോനക്കാട് ഭാഗത്തുള്ളവർക്ക് ആല, പന്തളം, കൊല്ലകടവ് കൊച്ചാലു മൂട് ഭാഗത്തേക്കും തിരിച്ച് ഈ ഭാഗത്തുള്ളവർക്ക് ചെങ്ങന്നൂർ ഭാഗത്തേക്കും പോകാനുള എളുപ്പമാർഗമാണ്. എടവങ്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, കുളഞ്ഞിത്തറ പട്ടികജാതി കോളനി, വനിതാ ഹോസ്റ്റൽ, അങ്കണവാടി തുടങ്ങി നിരവധി പൊതു സ്ഥാപനത്തും ഈ റോഡിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല സന്ധ്യ കഴിഞ്ഞാൽ ഈ ഭാഗത്ത് വഴിവിളക്കുകൾ പ്രകാശിക്കാറില്ല. രാത്രി ഇതുവഴി ബൈക്കിൽ സഞ്ചരിക്കുന്നവർ മിക്കപ്പോഴും ചെളിയിൽ തെന്നി വീണ് അപകടം സംഭവിക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസങ്ങിൽ തുടർച്ചയായി പെയ്ത മഴയിൽ റോഡ് തോടു പോലെവെള്ളം നിറഞ്ഞു. പുലിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രമേശ് പേരിശേരി മുഖ്യ പ്രഭാഷണം നടത്തി. സതീഷ് കൃഷ്ണൻ, രാജേഷ് ഗ്രാമം, ലേഖഅജിത്, അജി ആർ നായർ, ഗോപൻസൂര്യ, രാജേഷ് കുമാർ, വിജയൻപിള്ള, സന്തോഷ്, ഓമനക്കുട്ടൻ, വിജയമ്മ വിജയൻ എന്നിവർ നേതൃത്വം നൽകി.