sabari

പത്തനംതിട്ട: ശബരിമലയിൽ നട തുറന്നിരിക്കുന്ന സമയങ്ങളിൽ തീപിടിത്തമോ അത്യാഹിതങ്ങളോ സംഭവിച്ചാൽ രക്ഷാ പ്രവർത്തനം ബുദ്ധിമുട്ടാണെന്ന് അഗ്നിരക്ഷാ സേന. ആധുനിക സംവിധാനങ്ങളും സ്ഥിരംസ്റ്റേഷനും ഇല്ലാതെ സേനയുടെ പ്രവർത്തനം ശബരിമലയിൽ സുഗമമാകില്ലെന്ന് ഫയർ ആൻഡ് റെസ്ക്യു വിഭാഗം സർക്കാരിനും പത്തനംതിട്ട ജില്ലാ കളക്ടർക്കും നൽകിയ റിപ്പോർട്ടിൽ പറയുന്നു.

സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ അഗ്നിരക്ഷാ സേനയ്ക്ക് സ്ഥിരം സ്റ്റേഷൻ വേണം. നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമാണ്. മാസപൂജാ ദിവസങ്ങളിലും തീർത്ഥാടന നാളുകളിലും താൽക്കാലിക ഫയർ സ്റ്റേഷനുകളാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലും പ്രവർത്തിക്കുന്നത്. ഇവിടേക്ക് ഇൗ സമയങ്ങളിൽ എത്തിക്കുന്ന ഉപകരണങ്ങൾ കാലപ്പഴക്കം ചെന്നതാണ്. തീർത്ഥാടന കാലത്തേക്ക് സംസ്ഥാനത്തെ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നാണ് ഉപകരണങ്ങൾ എത്തിക്കുന്നത്. ഇത് ഉപയോഗിക്കുന്നത് സ്ഥിരം ആളുകളല്ല. ആധുനിക ഉപകരണങ്ങൾ എത്തിച്ചാൽ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കും സംവിധാനങ്ങൾ ശബരിമലയിൽ ഇല്ല.
പമ്പയിൽ സ്ഥിരം പൊലീസ് സ്റ്റേഷൻ ഉണ്ടായിട്ടും ഫയർ സ്റ്റേഷനില്ല. ഫയർ സ്റ്റേഷനായി അനുവദിച്ചിരിക്കുന്ന മരാമത്ത് കെട്ടിടത്തിന് സമീപത്തെ സ്ഥലം സ്ഥിരം സ്റ്റേഷനാക്കണം. ഇവിടെ മൂന്ന് നില കെട്ടിടം നിർമ്മിക്കണം. താഴത്തെ നിലയിൽ ഗ്യാരേജ്, മുകളിൽ ഒാഫീസ്, അതിന് മുകളിൽ ജീവനക്കാർക്ക് താമസ സൗകര്യം എന്നിവ ഏർപ്പെടുത്തണം. സ്ഥിരം സ്റ്റേഷൻ നിർമ്മാണം ശബരിമല മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തണം.

ഫയർ ഹൈഡ്രന്റ് സ്ഥാപിക്കണം

പമ്പ മുതൽ മരക്കൂട്ടം വരെ നീലിമല പാതയിൽ ഓരോ 100 മീറ്റർ അകലത്തിലും ഫയർ ഹൈഡ്രന്റ് സ്ഥാപിച്ച് ഡെലിവറി ഹോസ്, ബ്രാഞ്ച് എന്നിവ ക്രമീകരിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

1. മാസപൂജ സമയത്തുൾപ്പെടെ തീർത്ഥാടകർ കടന്നുപോകുന്ന പ്രദേശത്ത് തീപിടിത്തമുണ്ടായാൽ പ്രതിരോധ സംവിധാനമില്ല.

2. സന്നിധാനത്ത് ഡീസൽ ടാങ്കുകളുടെ സുരക്ഷക്കായി മെക്കാനിക്കൽ ഫോം ഫയർ എക്‌സറ്റിംഗുഷ്യർ, ഫോം കോമ്പൗണ്ട്, ഫോം മേക്കിംങ് ബ്രാഞ്ച്, പൈപ്പ് എന്നിവ സ്ഥാപിക്കണം. ഡീസൽ പുറത്തക്ക് ഒഴുകി അപകടം ഉണ്ടാകുന്നത് തടയുന്നതിനായി സ്റ്റോറേജ് ടാങ്കിന് ചുറ്റുമായി സുരക്ഷിതത്വം ഒരുക്കണം.

3. ശ്രീകോവിലിന് അടുത്തുള്ള അരവണ പ്ലാന്റിൽ വെന്റിലേഷൻ സൗകര്യം ക്രമീകരിക്കണം. ഇരുപതോളം സ്റ്റീം ബോയിലറുകൾ ഒരേസമയം പ്രവർത്തിക്കുന്നതിനാൽ ഇവിടെ ഊഷ്മാവ് ഉയർന്നാണ് നിൽക്കുന്നത്.

പമ്പയിലെങ്കിലും സ്ഥിരം ഫയർ സ്റ്റേഷൻ നിർമിക്കണം,

മാസ്റ്റർ പ്ളാനിൽ പദ്ധതി ഉൾപ്പെടുത്തണം