തിരുവല്ല: കുറ്റൂർ പഞ്ചായത്ത് വെൺപാലയിൽ തെരുവ് നായ്ക്കൾ രണ്ട് ആടുകളെ കടിച്ചുകൊന്നു. അഭിലാഷ് വെട്ടിക്കാടൻ എന്ന കർഷകന്റെ ആടുകളാണ് ചത്തത്. ഒരെണ്ണത്തിന് കഴുത്തിന് കടിയേറ്റ് സാരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വീടിന് സമീപത്തെ പുരയിടത്തിൽ കെട്ടിയിട്ടിരുന്ന ആടുകളെ നായ്ക്കളുടെ സംഘം കൂട്ടത്തോടെയെത്തി അക്രമിക്കുകയായിരുന്നു. ആളുകൾ ബഹളംവച്ചതോടെ നായ്ക്കൂട്ടം ഓടി രക്ഷപ്പെടുകയായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. മുമ്പും പലതവണ ഈ പ്രദേശത്തു നായ്കളുടെ ആക്രമം കാരണം ആടുകളും,കോഴി, താറാവുകൾ തുടങ്ങി നിരവധി വളർത്തു മൃഗങ്ങൾ നഷ്ടമായിട്ടുണ്ട്. ഒരുമാസം മുമ്പ് മുത്തൂരിലും തെരുവ് നായ്ക്കളുടെ കടിയേറ്റ് ആടുകൾ ചത്ത സംഭവം ഉണ്ടായിരുന്നു. പഞ്ചായത്ത് അധികൃതർ പരിഹാരമാർഗം കണ്ടെത്തണമെന്ന ആവശ്യം ശക്തമാണ്.