കോന്നി: മയൂർ തോടും ഏലായും കോന്നി ടൗണിലെ മാലിന്യത്തിന്റെ കേന്ദ്രമായി മാറുന്നു. ചൈന മുക്കിൽ നിന്നും തുടങ്ങി നാരായണപുരം ചന്തയിലൂടെ എത്തി മയൂർ ഏലായിലൂടെ അച്ചൻകോവിലാറ്റിൽ ചേരുന്ന മയൂർ തോട് ഇന്ന് വെറുമൊരു കൈവഴിയായി ഒഴുക്ക് നിലക്കുകയാണ്. വെള്ളംകെട്ടിക്കിടക്കുന്ന ഇവിടെ ടൗണിലെ മാലിന്യങ്ങളുടെയും കേന്ദ്രവുമായി മാറിയിരിക്കുകയാണ്. പ്രദേശത്ത് പകർച്ചവ്യാധികൾ ഉൾപ്പെടെ പിടിപെടാൻ സാദ്ധ്യത ഏറെയാണ്. കാടുപിടിച്ചുകിടക്കുന്ന ഇവിടെ ചെന്നെത്തുവാൻ തന്നെ ബുദ്ധിമുട്ടാണ്.നല്ല നീരൊഴുക്കും വീതിയുമുണ്ടായിരുന്ന തോട് വെറുമൊരു കൈവഴിയായി മാറി. കോന്നി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിന്ന് പോസ്റ്റ് ഓഫീസ് റോഡിലേക്കെത്തുവാനുള്ള ഏളുപ്പവഴിയായും ജനങ്ങൾ മയൂർ എലായെ ഉപയോഗിച്ചിരുന്നെങ്കിലും ഇന്ന് വഴികളെല്ലാം അടഞ്ഞു. മയൂർ ഏലായിൽ ഒരുകാലത്ത് നെൽക്കൃഷിയും കരിമ്പ് കൃഷിയും ചെയ്തിരുന്നു. ഇന്നതെല്ലാം ഇല്ലാതെയായി. വീതിയേറിയ തോട് പേരിനു മാത്രമായി മാറി. തോട്ടിലും മാലിന്യങ്ങൾ നിറഞ്ഞു ഇവിടുത്തെ പൊന്തക്കാടുകളിൽ ഇഴജന്തുക്കളും വളരാൻ തുടങ്ങി. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൂത്താടികൾ മുട്ടയിട്ടു കൊതുക് പെരുകുകയാണ്. ടൗണിലെ ചപ്പുചവറുകൾ നിക്ഷേപിക്കാനുള്ള കേന്ദ്രമായി മയൂർ ഏലായും തോടും മാറുകയാണ്.