ശബരിമല : കേന്ദ്ര സർക്കാരിന്റെ സ്പിരിച്വൽ ടൂറിസത്തിന്റെ ഭാഗമായി അനുമതി ലഭിച്ച 21 ഹൈമാറ്റ്സ് ലൈറ്റുകളുടെ നിർമ്മാണം പമ്പയിലും സന്നിധാനത്തുമായി പുരോഗമിക്കുന്നു. സന്നിധാനത്ത് 12 ഉം പമ്പയിൽ 9 ഉം ഹൈമാറ്റ്സ് ലൈറ്റുകളാണ് ഉയരുക. രണ്ടിടത്തും പ്രധാന കേന്ദ്രങ്ങൾ കണ്ടെത്തിയാണ് സ്ഥാപിക്കുന്നത്. 2020 ലാണ് കേന്ദ്രം ഇതിനുള്ള ഫണ്ട് അനുവദിച്ചത്. എന്നാൽ വിവിധ കാരണങ്ങളാൽ ടെൻഡർ നടപടികൾ വൈകി. രണ്ടിടത്തായി നൽകിയ കരാർ അനുസരിച്ച് പ്രധാന സീസണ് മുന്നോടിയായി ഇവയുടെ നിർമ്മാണം പൂർത്തീകരിക്കും. പമ്പയിൽ ഗണപതി കോവിൽ പരിസരത്തും സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് പരിസരത്തും രണ്ടുവീതവും ശർക്കര ഗോഡൗൺ, അയ്യപ്പസേവാസംഘം ഒാഫീസിന് മുന്നിൽ, ത്രിവേണി, മരാമത്ത് കോംപ്ളക്സ്, പെട്രോൾ പമ്പ്, സർവ്വീസ് റോഡ് എന്നിവടങ്ങളിൽ ഒാരോന്നുവീതവുമാണ് ഉയരുക. ഗണപതി ക്ഷേത്രപരിസരത്തേത് ഇന്നലെ പരീക്ഷണാടിസ്ഥാനത്തിൽ ലൈറ്റ് തെളിഞ്ഞു. 93 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയ പമ്പയിലെ പണികൾ 75 ലക്ഷം രൂപയ്ക്കാണ് ഒരു സ്വകാര്യ സ്ഥാപനം ടെൻഡർ ഉറപ്പിച്ച് പണികൾ നടത്തിവരുന്നത്.
സന്നിധാനത്ത് ഒന്നേകാൽ കോടി രൂപയായിരുന്നു 12 എണ്ണത്തിനായുള്ള എസ്റ്റിമേറ്റ് തുക. ഇത് 95 ലക്ഷം രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്. പതിനെട്ടാംപടിക്ക് മുന്നിലെ ലോവർ തിരുമുറ്റം, ഗവ. ആശുപത്രി, കൊപ്രാക്കളം, ശരംകുത്തി, മരക്കൂട്ടം, ഭസ്മക്കുളം, മാഗുണ്ട അയ്യപ്പനിലയം, പൂന്തോട്ടം, പാണ്ടിത്താവളത്തെ പുതിയ വാട്ടർടാങ്ക് പരിസരം , ബി. എസ്. എൻ. എൽ ഒാഫീസ് പരിസരം എന്നിവടങ്ങളിൽ ഒരോന്നുവീതവും ഇൻസിനറേറ്റൽ പ്ളാന്റ് പരിസരത്ത് രണ്ടും ഹൈമാറ്റ്സ് ലൈറ്റുകളാണ് നിർമ്മിക്കുന്നത്. ഇതോടെ സന്നിധാനത്തെയും പമ്പയിലേയും പ്രധാന കേന്ദ്രങ്ങൾ പ്രകാശപൂരിതമാകും.