കോഴഞ്ചേരി: അന്തരിച്ച നടൻ നെടുമുടി വേണുവിന് ജില്ലയുമായി ആത്മബന്ധം. 2018ൽ ജില്ലാ കഥകളി ക്ലബിന്റെ കഥകളിമേള ചെറുകോൽപ്പുഴ പമ്പ മണപ്പുറത്ത് ഉദ്ഘാടനം ചെയ്തത് നെടുമുടി വേണു ആയിരുന്നു. സുഹൃത്തും ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായിരുന്ന ഡോ. പി. വേണുഗോപാലുമായിട്ടാണ് നെടുമുടി എത്തിയത്. കഥകളിയിലും കഥകളി സംഗീതത്തിലും പാണ്ഡിത്യമുള്ള നെടുമുടി സദസിലിരുന്ന് കഥകളി ആസ്വദിക്കുകയും ചെയ്തു. കുട്ടനാട്ടുകാരൻ ആയത് കൊണ്ട് ഉച്ചഭക്ഷണത്തിന് സംഘാടകർ മീൻ കറിയും ഒരുക്കിയിരുന്നു. കഥകളി ക്ലബ് ട്രഷറാർ സഖറിയാ മാത്യുവിന്റെ ചെറുകോൽപ്പുഴ കടവിലെ പമ്പാ വീട്ടിലായിരുന്നു ഭക്ഷണം. എന്നാൽ തനിക്ക് ആറൻമുള സദ്യ മതിയെന്ന് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നതായി കഥകളി ക്ലബിന്റെ വർക്കിംഗ് പ്രസിഡന്റും മുൻ അയിരൂർ പഞ്ചായത്ത് അദ്ധ്യക്ഷനുമായ പ്രസാദ് കൈലാത്ത് പറഞ്ഞു. നാടൻ പാട്ടും വള്ളപ്പാട്ടും പാടിയാണ് മടങ്ങിയത്. കഥകളിയെപ്പറ്റിയുള്ള കുട്ടികളുടെ സംശയ നിവാരണം നടത്തുകയും കുട്ടികളോടപ്പം ഇരുന്ന് കഥകളി ആസ്വദിക്കുകയും ചെയ്താണ് അദ്ദേഹം മടങ്ങിയത്.
നെടുമുടി വേണുവിന്റെ മരുമകൾ റാന്നി കരികുളം സ്വദേശിനിയാണ്.