മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ മോഷണവും മോഷണശ്രമങ്ങളും വ്യാപകമാകുന്നു. കഴിഞ്ഞദിവസം മല്ലപ്പള്ളി -തിരുവല്ല റോഡിൽ രണ്ട് കടകളിൽ മോഷണം നടന്നു. തൊടുപുഴ സ്വദേശി അബ്ദുൾ മനാഫിന്റെ തൊഴിലാളി ഫിഷറീസിൽ നിന്ന് 25,000 രൂപയും നിർദ്ധന രോഗികളെ സഹായിക്കുവാൻ വച്ചിരുന്ന വഞ്ചിക കുറ്റികളിലെ പണവുമാണ് അപഹരിച്ചത്. സി.സി.ടി.വി കാമറകൾ നശിപ്പിച്ച കള്ളന്മാർ ഗ്രില്ലുകൾ തകർത്താണ് അകത്തുകടന്നത് . സമീപത്തുള്ള ജോസിന്റെ പച്ചക്കറിക്കടയിലും മോഷണം നടന്നു. കീഴ്‌വായിപ്പൂർ പൊലീസും പത്തനംതിട്ടയിൽ നിന്നെത്തിയ ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് വർഷങ്ങളായി. ഇത് മോഷ്ടാക്കൾക്ക് സഹായമാണ്. അഞ്ചു വർഷങ്ങൾക്ക് മുമ്പാണ് സ്ഥാപിച്ചത്. രാത്രി ഒൻപത് മണി വരെ കടകളിൽ നിന്ന് ലഭിക്കുന്ന വെളിച്ചമാണ് കാൽനടക്കാർക്കും വ്യാപാരികൾക്കും ആശ്രയം. സാധാരണ തെരുവുവിളക്കുകൾ ചിലയിടത്തുള്ളതാണ് ആശ്വാസം.