അടൂർ: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് ജന്മഭൂമി ലേഖകനും അടൂർ പ്രസ് ക്ലബ് സെക്രട്ടറിയുമായ മേലൂട് പതിനാലാംമൈല്‍ കല്ലൂര്‍ പ്ലാന്തോട്ടത്തിൽ പി.ടി. രാധാകൃഷ്ണ കുറുപ്പ് (59) മരിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ കെ. പി റോഡിൽ ചേന്ദംപള്ളി ജംഗ്ഷന് പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപമായിരുന്നു അപകടം. അടൂരിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു രാധാകൃഷ്ണകുറുപ്പ്. ശക്തമായ മഴയിൽ കടപുഴകിയ വാകമരം ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചു വീണ രാധാകൃഷ്ണൻ ധരിച്ചിരുന്ന ഹെൽമറ്റ് ഊരിമാറി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ അടൂർ ജനറൽ ആശുപത്രിയിലും അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രാജലക്ഷ്മി, മക്കൾ: പി.ആർ. ലക്ഷ്മി, പി.ആർ.വിഷ്ണു, പി.ആർ. പാർവതി. രണ്ട് ദിവസം മുമ്പാണ് രാധാകൃഷ്ണകുറുപ്പിനെ പ്രസ് ക്ലബ്ബ് സെക്രട്ടറിയായി തിരഞ്ഞെടുത്തത് . പത്രപ്രവർത്തനത്തിനൊപ്പം തുമ്പമണ്ണിൽ ഫോട്ടോ സ്റ്റുഡിയോയും നടത്തി വരികയായിരുന്നു.