അടൂർ : വഴിയോരങ്ങളിൽ നിൽക്കുന്ന ദുർബലമരങ്ങൾ മനുഷ്യന്റെ സ്വത്തിനും ജീവനും ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം മാദ്ധ്യമ പ്രവർത്തകനായ മേലൂട് സ്വദേശി പി.ടി. രാധാകൃഷ്ണ കുറുപ്പിന്റെ ദാരുണ മരണത്തിനിടയാക്കിയത് കെ.പി റോഡിന്റെ ഓരത്തുനിന്ന വാകമരം പിഴുത് വീണതാണ്. കനത്തമഴസമത്ത് ഓർക്കാപ്പുറത്ത് മരം കടപുഴകി വീണതുവഴി വലിയ ദുരന്തമാണ് ഉണ്ടായത്.
നാല് വാഹനയാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ബലക്ഷയം വന്ന വൃക്ഷങ്ങൾ, അപകടകരാംവിധം പടന്ന് പന്തലിച്ച് നിൽക്കുന്ന ശിഖരങ്ങൾ ഇവ യഥാസമയം മുറിച്ചു മാറ്റുന്നതിൽ ഉണ്ടാകുന്ന ബന്ധപ്പെട്ടവരുടെ അലംഭാവമാണ് ഇത്തരം ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്നത്. വഴിയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടവർ അതിനനുസൃതമായി പ്രവർത്തിക്കുകതന്നെയാണ് വേണ്ടത്.
ബലക്ഷയമുള്ളത് മുറിച്ചു മാറ്റണം
വഴിയോരങ്ങളിൽ നിൽക്കുന്ന ഒട്ടുമിക്ക മരങ്ങളും നല്ലബലമുള്ളവയല്ല. ശക്തമായി കാറ്റടിച്ചാൽ ഒടിഞ്ഞു വീഴുന്നതും മൂടോടെ പിഴുതുവീഴുന്നതുമൊക്കെയാണ്. തിങ്കളാഴ്ച രാത്രിയിൽ ചേന്ദംപള്ളി ജംഗ്ഷന് പടിഞ്ഞാറുഭാഗത്ത് ഒരാളുടെ ജീവൻ കവർന്ന അപകടത്തിൽ നിന്നും നിരവധിപ്പേരാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. പഴകുളം സ്വദേശിയായ ഒരാൾ തന്റെ വീടിന് ഭീണിയായി നിലകൊണ്ട വർഷങ്ങൾ പഴക്കമുള്ള മരം മുറിച്ചുമാറ്റാൻ പൊതുമരാമത്ത് വകുപ്പിലേതുൾപ്പെടെയുള്ള അധികൃതരുടെ കനിവിനുവേണ്ടി യാചിച്ചെങ്കിലും യാതൊരു നടപടിയുമില്ല. എന്നാൽ മന്ത്രി മുഹമ്മദ് റിയാസിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് മൂന്ന് ദിവസം കൊണ്ട് പൊതുമരമാത്ത് അധികൃതർതന്നെ മരം മുറിച്ചുമാറ്റി. അടൂർ എ. ഇ. ഒ ഓഫീസിന് മുന്നിലെ എല്ലാ മരങ്ങളും അപകടഭീഷണി ഉയർത്തുന്നതാണ്. വൈദ്യുതി ലൈനുകൾക്ക് വരെ ഭീഷണിയായതോടെ ഇവമുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കെ. എസ്. ഇ. ബി നോട്ടീസ് നൽകിയെങ്കിലും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
ജാഗ്രത വേണം
കെ. പി റോഡ്, കോടതിക്ക് സമീപത്തുകൂടിയുള്ള വൺവേ,സെൻട്രൽ ജംഗ്ഷൻ, പാർത്ഥസാരഥി ജംഗ്ഷൻ തുടങ്ങി ആൾത്തിരക്കുള്ള പല സ്ഥലങ്ങളിലും പാഴ് ശിഖരങ്ങളും പാഴ്മരങ്ങളും ഭീഷണിയായുണ്ട്. ഇക്കാര്യങ്ങളിൽ ബന്ധപ്പെട്ടവർ വേണ്ടത്ര ജാഗ്രതകാട്ടിയില്ലെങ്കിൽ ഇനിയും വിലപ്പെട്ട ജീവനുകൾ പൊലിയും.
................
ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനായി ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ചു ചേർക്കും. വിവിധയിടങ്ങളിൽ നിന്നുള്ള പരാതികളും ഇക്കാര്യങ്ങളിലുണ്ട്.
ഡി. സജി
ചെയർമാൻ, അടൂർ നഗരസഭ.