തിരുവല്ല: പുല്ലംപ്ലാവിൽ കടവിൽ വലിയ പാലം വരുന്നതും കാത്തിരിക്കുകയാണ് നാട്ടുകാർ. പാലം പണിയാൻ വർഷങ്ങൾക്ക് മുമ്പ് ആലോചിച്ചെങ്കിലും തുടർ നടപടികൾ ഇഴയുകയാണ്. ഇവിടെയുള്ള ഇടുങ്ങിയ പാലത്തിലൂടെയാണ് ഇപ്പോഴത്തെ യാത്ര. തിരുവല്ല നഗരസഭയെയും നെടുമ്പ്രം പഞ്ചായത്തിലെ കല്ലുങ്കൽ, വെൺപാല, കാരാത്ര തുടങ്ങിയ പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. 2018 മുതൽ സംസ്ഥാന ബഡ്‌ജറ്റിൽ പുതിയ പാലത്തിനായി നാമമാത്രമായി തുക അനുവദിക്കുന്നുണ്ടെങ്കിലും ഇത് മതിയാകാത്തതിനാൽ നടപടികൾ ഇഴയുകയാണ്. മണ്ണ് പരിശോധന നടത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മാമ്മൻ മത്തായി എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച ഇടുങ്ങിയ പാലമാണ് നിലവിലുള്ളത്. വലിയ വാഹനങ്ങൾക്ക് പാലത്തിലൂടെ പോകാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റുവഴികൾ തേടേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. 2018ലെ മഹാപ്രളയത്തിൽ മണിമലയാറ് കരകവിഞ്ഞതോടെ കല്ലുങ്കൽ, വെൺപാല പ്രദേശങ്ങൾ ഒറ്റപ്പെട്ടിരുന്നു. ഇടുങ്ങിയ പാലവും മുങ്ങിയതോടെ പ്രദേശത്തെ നൂറിലേറെ കുടുംബങ്ങൾക്ക് അക്കരെ കടക്കാൻ സാധിച്ചില്ല. ഇവരെ മറുകരയെത്തിക്കാൻ ദുരന്തനിവാരണ സേനാംഗങ്ങൾ നടത്തിയ ശ്രമവും വിഫലമായി. വലിയപാലം ഉണ്ടായിരുന്നെങ്കിൽ പ്രദേശത്ത് കുടുങ്ങില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു

പ്രക്ഷോഭം തുടങ്ങുമെന്ന് യൂത്ത്കോൺഗ്രസ്
കല്ലുങ്കൽ വെൺപാലയെയും കിഴക്കൻമുറിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുല്ലംപ്ലാവിൽ കടവിൽ പുതിയ പാലം നിർമ്മിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പാലവും അപ്പ്രോച്ച് റോഡും തകർന്നുകിടക്കുന്നതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. നടപടികൾ ഉണ്ടായില്ലെങ്കിൽ യൂത്ത് കോൺഗ്രസ് സമരം ആരംഭിക്കുമെന്ന് ജില്ലാ വൈസ് പ്രസിഡന്റും പുളിക്കീഴ് ബ്ലോക്ക് മെമ്പറുമായ വിശാഖ് വെൺപാല അറിയിച്ചു.


" പുല്ലംപ്ലാവിൽ കടവിലെ പാലത്തിന് ഭരണാനുമതി ലഭിച്ചിട്ടില്ല . ബഡ്ജറ്റിൽ 20 ശതമാനം തുക അനുവദിച്ചതിനാൽ 6.5 കോടി രൂപയുടെ പാലം നിർമ്മിക്കാൻ എസ്റ്റിമേറ്റും ഡിസൈനും തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട് "

പൊതുമരാമത്ത് അധികൃതർ